ചുരുങ്ങിയ കാലയളവിൽ മികച്ച വിൽപ്പന നേട്ടവുമായി മുന്നേറി മഹീന്ദ്ര XUV300. ഫെബ്രുവരി 14 -ന് വിപണിയിലെത്തി 15 ദിവസം കൊണ്ട് 4,484 യൂണിറ്റുകളുടെ വില്‍പ്പന നേടിയതിലൂടെ ഫോര്‍ഡ് ഇക്കോസ്‌പോര്‍ടിനെ XUV300 പിന്നിലാക്കി. മാരുതി ബ്രെസ്സയ്ക്കും ടാറ്റ നെക്‌സോണിനും പിന്നാലെ മൂന്നാം സ്ഥാനമാണ് ഈ വാഹനം സ്വന്തമാക്കിയത്.
കഴിഞ്ഞ മാസം 3,156 യൂണിറ്റുകളുടെ വില്‍പ്പന മാത്രം നേടിയതാണ് ഫോർഡ് ഇക്കോസ്‌പോർട് പിന്നിലാകാൻ കാരണം. ഫെബ്രുവരിയില്‍ 11,613 യൂണിറ്റുകളുടെ വില്‍പ്പന മാരുതി ബ്രെസ്സ സ്വന്തമാക്കിയപ്പോൾ 5,263 യൂണിറ്റുകളുടെ വില്‍പ്പനയാണ് ടാറ്റ നെക്‌സോൺ നേടിയത്. അതേസമയം മാര്‍ച്ചിലും ഇതേ വിൽപ്പന നേട്ടം ആവര്‍ത്തിക്കാന്‍ XUV300 -യ്ക്ക് കഴിയുമോയെന്നു ഉറ്റുനോക്കുകയാണ് വാഹന വിപണി.
മഹീന്ദ്രയുടെ കീഴിലുള്ള കൊറിയൻ കാർ നിർമാണ കമ്പനിയായ സാങ്‌യോങിന്റെ ടിവോളിയെ അടിസ്ഥാനമാക്കിയാണ് എക്സ് യു വി 300 നിർമിച്ചിരിക്കുന്നത്. എയറോ ഡൈനാമിക് ഡിസൈന്‍, വലിയ ടച്ച് സ്ക്രീൻ ഇൻഫോടൈൻമെന്റ് സിസ്റ്റം, ക്രൂസ് കൺട്രോൾ, ഡ്യുവൽ ടോൺ ഓട്ടമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ഏഴ് എയർബാഗുകൾ, ഫുൾ എൽഇഡി ഹെഡ്‍ലാംപ്, ടെയിൽ ലാംപ് എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
കാറിന്റെ പെട്രോൾ പതിപ്പിൽ 1.2 ലീറ്റർ എൻജിനും ഡീസൽ പതിപ്പിൽ 1.5 ലീറ്റർ എൻജിനുമാണ് കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. പെട്രോള്‍ പതിപ്പിന് 17 കിലോമീറ്ററും ഡീസല്‍ മോഡലിന് 20 കിലോമീറ്റര്‍ മൈലേജും ലഭിക്കുമെന്നാണ് മഹീന്ദ്രയുടെ വാഗ്‌ദാനം. പെട്രോള്‍ മോഡലിനു 7.90 ലക്ഷം മുതൽ 10.25 ലക്ഷം വരെയും ഡീസല്‍ മോഡലിന് 8.49 ലക്ഷം മുതല്‍ 10.80 ലക്ഷം വരെയാണ് എക്സ് ഷോറും വില.
Post Your Comments