Latest NewsKerala

വ്യവസായവായ്പ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

തൃശൂര്‍ : വ്യവസായ വായ്പയെന്ന പേരില്‍ കുറഞ്ഞ പലിശയില്‍ വന്‍തുക വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ അഞ്ച് പേര്‍ അറസ്റ്റിലായി. അറസ്റ്റിലായവരില്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടുന്നു. ചാലക്കുടി ഡിവൈഎസ്പി കെ.ലാല്‍ജിയാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. യുവവ്യവസായികളാണ് തട്ടിപ്പിന് ഇരായായത് . മലപ്പുറം പാണ്ടിക്കാട് സ്വദേശി പുത്തില്ലത്ത് രാഹുല്‍ (22), പത്തനംതിട്ട റാന്നി മുക്കപ്പുഴ സ്വദേശി കാത്തിരത്താമലയില്‍ ജിബിന്‍ ജീസസ് ബേബി (24), കാസര്‍കോട് പരപ്പ വള്ളിക്കടവ് സ്വദേശി പുളിക്കല്‍ ജെയ്‌സണ്‍ (21) കോഴിക്കോട് കക്കാട് പത്തിരിപ്പേട്ട സ്വദേശി മാടന്നൂര്‍ വിഷ്ണു (22), കോട്ടയം നോര്‍ത്ത് കിളിരൂര്‍ സ്വദേശി ചിറയില്‍ ഷമീര്‍ (25) എന്നിവരാണ് ബെംഗളൂരുവില്‍ നിന്നു പിടിയിലായത്.

മുഖ്യപ്രതി കോട്ടയം സ്വദേശി സരുണിനെ പിടികൂടാന്‍ ആയിട്ടില്ല. മാള സ്വദേശിയായ യുവ വ്യവസായിയുടെ പരാതിയിലാണ് നടപടി. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ബാങ്ക് അക്കൗണ്ടും ഉപയോഗിച്ച് മൊബൈല്‍ ആപ്പ് വഴി വ്യവസായികളെയാണ് തട്ടിപ്പിനിരയാക്കിയത്. പ്രതികളില്‍ ചിലര്‍ കേരളത്തിനു പുറത്തുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ്. കുറഞ്ഞ പലിശയ്ക്ക് സ്വകാര്യ ലോണ്‍ വാഗ്ദാനം ചെയ്താണ് വ്യവസായിയുമായി ഇവര്‍ അടുത്തത്. 1 കോടി 15 ലക്ഷം രൂപ ലോണ്‍ അനുവദിച്ചിട്ടുണ്ടെന്നും മുദ്രപ്പത്രത്തിന്റെ തുകയായ 8 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിക്കണമെന്നും അറിയിച്ചു. വിശ്വാസം വരാതെ വ്യവസായി ബെംഗളൂരുവില്‍ സംഘത്തിന്റെ കോര്‍പറേറ്റ് ഓഫിസിലെത്തി.

ആധുനിക ഓഫിസും മറ്റ് സംവിധാനങ്ങളും കണ്ടപ്പോള്‍ സംശയമൊന്നും തോന്നിയില്ല. തുടര്‍ന്നു തുക അക്കൗണ്ടിലേക്ക് നിക്ഷേപിക്കുകയും ചെയ്തു. 2 ആഴ്ചയ്ക്കുശേഷം സംഘാംഗങ്ങളെ ഫോണില്‍ കിട്ടാതായി. അന്വേഷണത്തില്‍ ഹെബ്ബാളിലെ ഓഫിസ് അടച്ചതായും മനസിലായി. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ രീതിയില്‍ തട്ടിപ്പിന് ഇരയായതായി മറ്റൊരാളും പരാതി നല്‍കിയിട്ടുണ്ട്. വായ്പ്പത്തുകയായ 80 ലക്ഷം രൂപയ്ക്കായി 6 ലക്ഷത്തിലധികമാണ് ഇയാളില്‍ നിന്നു കൈക്കലാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button