ന്യൂഡല്‍ഹി: ഫെബ്രുവരി 26ന് ബലാക്കോട്ടിലെ ഭീകരക്യാമ്പില്‍ നടത്തിയ വ്യോമാക്രമണത്തില്‍ വര്‍ഷിച്ച 80 ശതമാനം ബോംബുകളും ലക്ഷ്യ സ്ഥാനം കൈവരിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ വ്യോമസേന കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. ബലാക്കോട്ട് ഭീകരാക്രമണം പരാജയമാണെന്നും ഭീകരക്യാമ്പുകള്‍ക്ക് യാതൊരു കേടുപാടുകളും സംഭവിച്ചില്ലെന്നുമുള്ള വാര്‍ത്തകളുടെ പശ്ചാത്തലത്തിലാണ് വ്യോമസേന തെളിവുമായി രംഗത്തെത്തിയത്. 12 പേജ് അടങ്ങുന്ന സാറ്റ്ലൈറ്റ് ചിത്രങ്ങളാണ് വ്യോമസേന സര്‍ക്കാരിന് സമര്‍പ്പിച്ചത്. ഇതോടെ ബലാക്കോട്ട് വ്യോമാക്രമണം വിജയമായിരുന്നതിനുള്ള തെളിവ് കേന്ദ്ര സര്‍ക്കാരിന് ലഭിച്ചു.
അതേസമയം, ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണത്തില്‍ പൈന്‍മരങ്ങള്‍ക്കും വനങ്ങള്‍ക്കും മാത്രമാണ് നശിച്ചതെന്ന് പാകിസ്ഥാന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചാണ് വ്യോമസേന ഇക്കാര്യം അറിയിച്ചതെന്ന് ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണത്തിന് ശേഷം 11 ദിവസങ്ങള്‍ കൊണ്ടാണ് ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ ആക്രമണം ആസൂത്രണം ചെയ്തത്.
ഹരിയാനയിലെ അംബാലയിലെ എയര്‍ബേസില്‍ നിന്നാണ് 12 മിറാഷ് 2000 വിമാനങ്ങളോടെ വ്യോമസേനാ സംഘം പുറപ്പെട്ടത്. പാക് മണ്ണിലെ മൂന്ന് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്ത സംഘം മുപ്പത് മിനിറ്റിനകം ഓപ്പറേഷന്‍ അവസാനിപ്പിക്കുകയും ചെയ്തു. 21 മിനിറ്റ് നീണ്ട ഓപ്പറേഷനാണ് പാക് മണ്ണില്‍ വ്യോമസേന നടത്തിയത്. മൂന്നിടങ്ങളിലെ ഭീകര ക്യാമ്പുകള്‍ ഇന്ത്യ തകര്‍ത്തു. ആദ്യ ആക്രമണം ബലാകോട്ടിലായിരുന്നു. പുലര്‍ച്ചെ 3:45ന് ആക്രമണം തുടങ്ങിയ ഇന്ത്യന്‍ വ്യോമസേന ജെയ്‌ഷെ മുഹമ്മദ്, ലഷ്‌കര്‍ ഇ തോയിബ , ഹിസ്ബുള്‍ മുജാഹിദ്ദിന്‍ എന്നിവയുടെ സംയുക്തക്യാമ്പ് തകര്‍ത്തു.
പിന്നീട് പുലര്‍ച്ചെ 3:48 മുതല്‍ 3:53 വരെ മുസഫറബാദിലെ ഭീകര ക്യാമ്പുകളിലേക്കും സൈനിക നടപടിയുണ്ടായി. പുലര്‍ച്ചെ 3:58ന് ചകോതിയിലെത്തിയ സംഘം 4:04 വരെ ആക്രമണം നടത്തി. ചകോതിയിലെ ഭീകര ക്യാമ്പുകളും തകര്‍ത്ത് ഇന്ത്യന്‍ സംഘം മടങ്ങി.ഇന്ത്യ പാക് അതിര്‍ത്തിക്കപ്പുറമുള്ള ബാലാകോട്ട് മേഖല ജെയ്‌ഷെ മുഹമ്മദിന്റെ പ്രധാന ആസ്ഥാനങ്ങളില്‍ ഒന്നായിരുന്നു.
Post Your Comments