തിരുവനന്തപുരം: കാര്‍ഷിക വായ്പയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കായി സംസ്ഥാന തല ബാങ്കേഴ്‌സ് സമിതി യോഗം ഇന്ന് ചേരും. കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തില്‍ കര്‍ഷകരുടെ എല്ലാ വായ്പകളുടെയും ജപ്തിനടപടികള്‍ നിര്‍ത്തിവെച്ച് ഡിസംബര്‍ 31 വരെ സര്‍ക്കാര്‍ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ വിശദീകരിക്കും. പ്രളയ ബാധിത പ്രദേശത്തെ കാര്‍ഷിക വായ്പകള്‍ക്ക് ഈ വര്‍ഷം ഡിസംബര്‍ 31വരെ മൊറട്ടോറിയം പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും. കടാശ്വാസ കമ്മീഷന്റെ പരിധിയില്‍ പൊതുമേഖലാ – വാണിജ്യ ബാങ്കുകളെയും ഉള്‍പ്പെടുത്തണം. നിലവില്‍ സഹകരണ ബാങ്കുകള്‍ മാത്രമാണ് കമ്മീഷന്റെ പരിധിയിലുള്ളത്. കൂടാതെ കാര്‍ഷിക വായ്പകള്‍ പുനര്‍ വായ്പയായി ക്രമീകരിക്കണമെന്നും സര്‍ക്കാര്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഷിക വായ്പകളില്‍ ജപ്തിനടപടികള്‍ക്ക് നേരത്തേ മൊറട്ടോറിയം പ്രഖ്യാപിച്ചിരുന്നെങ്കിലും പല ബാങ്കുകളും പാലിച്ചിരുന്നില്ല. ഇടുക്കി, വയനാട് ജില്ലകളിലായി ഒമ്പത് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സാഹചര്യംകൂടി പരിഗണിച്ച് മന്ത്രിസഭ ഇക്കാര്യം പ്രത്യേകം ചര്‍ച്ചചെയ്തിരുന്നു.
Post Your Comments