KeralaLatest News

ഇരുപത് വര്‍ഷമായി കഴാറ്റൂരില്‍ നെല്‍കൃഷി ഇല്ല; ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട്

കണ്ണൂര്‍ കീഴാറ്റൂരില്‍ ഇരുപത് വര്‍ഷമായി നെല്‍കൃഷി ഇല്ലെന്ന് ദേശീയപാത അതോറിറ്റിയുടെ റിപ്പോര്‍ട്ട്. കേന്ദ്രം നിയോഗിച്ച സമിതി പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ തീറ്റപ്പുല്‍ കൃഷിയാണ് കണ്ടതെന്നും കേരള റീജീയണല്‍ ഓഫീസ് കേന്ദ്ര ഹൈവെ മന്ത്രാലയത്തിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കീഴാറ്റൂരില്‍ നാളെ മുതല്‍ വയല്‍ക്കിളികളുടെ നേതൃത്വത്തില്‍ വീണ്ടും സമരം തുടങ്ങും.കഴിഞ്ഞ വര്‍ഷം ജൂലൈ മൂന്നിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായി വയല്‍ക്കിളി നേതാക്കള്‍ ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസ് എന്നിവരുടെ സാന്നിദ്ധ്യത്തിലായിരുന്നു ചര്‍ച്ച. ഇതിലാണ് കീഴാറ്റൂരിന് ബദല്‍സാധ്യതകള്‍ തേടി പ്രത്യേക സംഘത്തെ നിയമിക്കാമെന്ന ഉറപ്പ് മന്ത്രി നല്‍കിയത്.

ജൂലൈ 9ന് ഹൈവെ അതോറിറ്റിയുടെ തിരുവനന്തപുരം റീജനല്‍ ഓഫീസില്‍ നിന്നുളള സംഘം കീഴാറ്റൂര്‍ സന്ദര്‍ശിച്ചു.നവംബര്‍ രണ്ടിനാണ് ഈ റിപ്പോര്‍ട്ട് കേന്ദ്രമന്ത്രിക്ക് കൈമാറിയത്. ഇതിലാണ് കീഴാറ്റൂരില്‍ കഴിഞ്ഞ ഇരുപത് വര്‍ഷമായി നെല്‍കൃഷിയില്ലെന്ന കണ്ടെത്തലുളളത്. മാത്രവുമല്ല, പ്രദേശത്ത് പരിശോധന നടത്തിയപ്പോള്‍ തീറ്റപ്പുല്‍ കൃഷിയാണ് കാണാന്‍ സാധിച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്. ബദല്‍ സാധ്യതകള്‍ പരിശോധിക്കുന്നത് ദേശീയപാത വികസനത്തെ ബാധിക്കുമെന്നും ഏറ്റവും ചെലവ് കുറഞ്ഞ അലൈന്‍മെന്റ് കീഴാറ്റൂര്‍ വഴിയുളളതാണന്നും റിപ്പോര്ട്ടിലുണ്ട്.ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഹൈവെ മന്ത്രാലയം കീഴാറ്റൂര്‍ വയല്‍ ദേശീയപാതക്കായി ഏറ്റെടുത്ത് അന്തിമ വിജ്ഞാപനം ഇറക്കിയത്. തെറ്റായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭൂമി ഏറ്റെടുത്ത നടപടിക്കെതിരെ വയല്‍ക്കിളികള്‍ നാളെ മുതല്‍ വീണ്ടും അനിശ്ചിത കാല നിരാഹാര സമരം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button