തിരുവനന്തപുരം : സംസ്ഥാനത്ത് ഭൂഗര്‍ഭജലം കുത്തനെ കുറയുന്നു. കനത്ത പ്രളയത്തിനുശേഷമാണ് സംസ്ഥാനത്ത് ഭൂഗര്‍ഭ ജലം കുറഞ്ഞത്. ഇതോടെ കേരളത്തെ കാത്തിരിക്കുന്നത് ഗുരുതരമായ ജലക്ഷാമത്തിന്റെ നാളുകളെന്നു കേന്ദ്ര ജലവിഭവ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. . ഇടമഴ ലഭിച്ചില്ലെങ്കില്‍ തുലാവര്‍ഷം ദുര്‍ബലമായ തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകള്‍ കടുത്ത വരള്‍ച്ച നേരിടും. ഭൂഗര്‍ഭജല വിതാനത്തിലുണ്ടാകുന്ന കുറവാണു പ്രതിസന്ധിക്കു കാരണം. പ്രളയത്തിനുശേഷം െവള്ളം പിടിച്ചുനിര്‍ത്താനുള്ള മണ്ണിന്റെ ശേഷി കുറഞ്ഞത് സ്ഥിതി ഗുരുതരമാക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നീണ്ടുനില്‍ക്കുന്ന തുലാവര്‍ഷത്തില്‍ ഇത്തവണ മലബാറില്‍ 15 ശതമാനത്തിന്റെ കുറവാണുണ്ടായത്. പ്രളയത്തെ തുടര്‍ന്ന് മേല്‍മണ്ണ് വ്യാപകമായി ഒലിച്ചുപോയതോടെ, പെയ്ത മഴ ആഗിരണം െചയ്യാനുള്ള ഭൂമിയുടെ കഴിവും കുറഞ്ഞു. ഇതോടെ ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കുറവുണ്ടായി. ഇടമഴയില്ലെങ്കില്‍ ഇതു വീണ്ടും കുറയും. അത് കടുത്ത ജലക്ഷാമത്തിലേക്കും നയിക്കും.
പ്രളയത്തില്‍ നദികളിലെ തടസങ്ങള്‍ നീങ്ങിയോതോടെ ഒഴുക്ക് കൂടിയതും ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വെള്ളത്തിന്റെ അളവ് കുറച്ചു. പ്രളയം കണ്ടുപേടിച്ച് ജലസംഭരണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിയത് സ്ഥിതി ഗുരുതരമാക്കി. കുളങ്ങളും കിണറുകളും വൃത്തിയായി സംരക്ഷിക്കാനും പാറമടകളിലെ വെള്ളം ഉപയോഗപ്പെടുത്താനുള്ള നടപടികളുമാണ് അടിയന്തരമായി വേണ്ടത്. പ്രതിസന്ധി മുന്നില്‍കണ്ടു വെള്ളത്തിന്റെ ഉപയോഗം പരമാവധി കുറയ്ക്കാനാണു വിദഗ്ധരുടെ ഉപദേശം.
Post Your Comments