KeralaLatest NewsArticle

ജീവിതത്തിലെ വഴിത്തിരിവാകുന്ന പെണ്ണ് കാണൽ ചടങ്ങിൽ നിങ്ങളുടെ മുഖത്തേയ്ക്ക് ചായയോടൊപ്പം ഒരു പാളിയ നോട്ടം എത്തിയിട്ടുണ്ടാകും, നമ്മുടെ ജീവിതവും ചായയും തമ്മിൽ..

ദേശത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു ജാതി മത വേലിക്കെട്ടുകൾ പൊളിച്ചു ഒരു പുഞ്ചിരിയോടെ നീട്ടുന്ന ആവിപറക്കുന്ന ചായക്കോപ്പകൾക്കൊപ്പം സൗഹൃദം പൂത്തുലയണം

തണുപ്പ് ഉറഞ്ഞ വെളുപ്പാൻ കാലങ്ങളിലും നേർത്ത നൂൽ മഴ പെയ്യുന്ന സന്ധ്യകളിലും ഗ്രാമങ്ങളിലെ കവലകളിൽ മുനിഞ്ഞു കത്തുന്ന ചിമ്മിനി വിളക്കിന്റെ പ്രകാശത്തിൽ ഒരു ചായക്കട തുറന്നിരിപ്പുണ്ടാകും. ആളിക്കത്തുന്ന വിറക് അടുപ്പിലെ സമോവരിലെ ചെമ്പ് തുട്ടിന്റെ കിലുക്കം വെള്ളത്തിന്റെ അളവിനെയും തിളപ്പിന്റെ തീവ്രതയെയും ചായക്കടക്കാരനെ വിളിച്ചറിയിക്കുന്ന പുരാതന സൂത്രവിദ്യകൾ ആയിരുന്നു.

തേയിലക്കറ പുരണ്ട വക്ക് മടങ്ങിയ കപ്പിലേയ്ക്ക് ഒഴിച്ച ചൂട് പാലിലേയ്ക്ക് തേയില സഞ്ചിയിൽ കൂടി വെള്ളം ഒഴിച്ചു പഞ്ചസാരയിട്ടു ഇളക്കി കൈ ഉയരത്തിൽ വീശി അടിച്ചു പതപ്പിച്ചു പോറൽ വീണ ഗ്ലാസ്സിൽ പകർന്ന് അടി ഭാഗം തുടച്ചു നമ്മുടെ നേർക്ക് നീട്ടുമായിരുന്നു.ആലിന്റെ കീഴിലെ ചരിഞ്ഞ ബെഞ്ചിൽ പത്രങ്ങളിലെ വാർത്തകളോടൊപ്പം ചായയും ഊതിക്കുടിച്ച തലമുറയെ ഓർമകളിൽ ഒന്നു തിരിഞ്ഞു നോക്കിയാൽ ഇപ്പോഴും കാണാം.

നമ്മുടെ ഓർമകളിൽ ചായ എന്ന രണ്ടക്ഷരം ഒരുപാട് ഓർമകളും വികാരങ്ങളും പ്രതിഫലിപ്പിക്കാറുണ്ട്.ജീവിതത്തിന്റെ എല്ലാ ഏടുകളിലും ചായകൾ ഓർമകളോടൊപ്പം വ്യത്യസ്ത രുചിവർണ്ണങ്ങൾ തുന്നി ചേർത്തിട്ടുണ്ട്.

കുട്ടിക്കാലം മുതൽ എപ്പോഴോ ചായ രാവിലെയും വൈകുന്നേരവും നമ്മോടൊപ്പം ചേർന്നു.കുപ്പി ഗ്ലാസ്സുകൾ ചിന്നി ചിതറിക്കുന്ന നമുക്ക് വേണ്ടി ചെറിയ സ്റ്റീൽ ഗ്ലാസ്സുകൾ മാറ്റി വയ്ക്കപ്പെട്ടു.മധുരം കൂട്ടി പാൽ നിറച്ചൊഴിച്ചു കടുപ്പം കുറച്ചു അമ്മയും അമ്മൂമ്മയും ആറ്റിയും പതപ്പിചോഴിച്ചും നമുക്ക് വേണ്ടി ചായ കൂട്ടി.നമ്മൾ അവരുടെ ചുറ്റും താ താ എന്നു ചിണുങ്ങി കൊണ്ട് നടന്നിട്ടുണ്ട്.കുഞ്ഞിളം വിരൽ കൊണ്ട് ഗ്ലാസിൽ തൊട്ടു നോക്കി ചൂടറിഞ്ഞ വിരൽ വായിൽ ഇട്ടിട്ടുണ്ടാകും.ചുണ്ടിനു ചുറ്റും പത തീർക്കുന്ന വലയം നാക്ക് കൊണ്ട് ഒന്നു നുണഞ്ഞാൽ നമുക്ക് ബാല്യത്തിലേയ്ക്ക് ഇപ്പോഴും തിരികെ പോകാം.

സ്‌കൂൾ കോളേജ് ടൂറുകളിൽ ഊട്ടിയിലെ തണുത്ത പ്രഭാതങ്ങളിൽ കുഞ്ഞൻ പ്ലാസ്റ്റിക് കപ്പുകളിൽ കിട്ടുന്ന ചൂട് ചായ നിങ്ങളുടെ ചുണ്ടും നാവും പൊള്ളിച്ചിട്ടുണ്ടെങ്കിലും പരന്നൊഴുകുന്ന തണുപ്പിനെ അകറ്റാൻ നമ്മൾ ആർത്തിയോടെ ഊതി കുടിച്ചു.പക്ഷെ അത് നമ്മുടെ വീട്ടിലെ ചായ സ്വാദ് ആയിരുന്നില്ലെങ്കിലും തണുപ്പ് അകറ്റാൻ വേറെ നിവൃത്തിയില്ലായിരുന്നു.തേയിലത്തോട്ടങ്ങളുടെ ഫോട്ടോയില്ലാത്ത താളുകൾ ഉള്ള കോളേജ് ടൂറിന്റെ ആൽബങ്ങൾ വളരെ ചുരുക്കമായിരിക്കും.

കോളേജ് ഹോസ്റ്റലുകളിലും ക്യാന്റീനുകളുടെ പിന്നാമ്പുരങ്ങളിലുംഒക്കെ പുകയുന്ന സിഗരറ്റിനോടൊപ്പം യുവത്വം ചായയും പങ്കുവച്ചു.

ജോലി തേടി ബാംഗ്ലൂരിലും ചെന്നൈയിലും ഒക്കെ അലയുമ്പോൾ മധുരം വഴിഞ്ഞൊഴുകുന്ന അർദ്ധ ടീയും ഫുൾ ടീയും ഒക്കെ വ്യത്യസ്ത തലങ്ങൾ ആയിരുന്നു.മസാല ദോശയും വൻ ബൈ ടു ചായയും ബാംഗ്ലൂർ മജിസ്റ്റിക് ബസ് സ്റ്റാന്റിൽ വൈകുന്നേരങ്ങൾ ഉന്മേഷമുള്ളതാക്കിയിട്ടുണ്ട്.തട്ട് ദോശയും ചൂട് സുലൈമാനിയും കുടിക്കാതെ സെക്കന്റ് ഷോ സിനിമകൾ കണ്ടു മടങ്ങില്ലായിരുന്നു.ട്രെയിൻ യാത്രകളിൽ ഒരു ദിവസം തന്നെ വിവിധ ദേശങ്ങളിൽ പല സ്വരങ്ങളിൽ ചായ് ചായ ചായേ, വിളി കേട്ട് രസിച്ചു.

മുടിയിഴകളെ അലസമായി തഴുകി കടന്നു പോകുന്ന തണുത്ത കാറ്റേറ്റ് കുന്നിൽ മുകളിലെ ചായം ഇളകി തുടങ്ങിയ നരച്ച ബെഞ്ചിൽ കാമുകിയോടോപ്പം ചാരി ഇരുന്നു മഞ്ഞു പുതച്ച താഴ് വാരകളെ നോക്കി ഒരു ആവി പറക്കുന്ന ചൂടൻ ചായ ഊതി കുടിക്കുന്ന സിനിമയിലെ നായകനെ നോക്കി ഇരുന്നിട്ടുണ്ട്.അത് പക്ഷെ നമുക്കു ചിലർക്കെങ്കിലും സാധ്യമായത് ഹണി മൂൺ ട്രിപ്പുകളിൽ മൂന്നാറിലെ റിസോർട്ടുകളുടെ ബാൽക്കണിയിൽ നിന്നും ഭാര്യയോടോപ്പം തോളിൽ കൈയിട്ട് നിന്നു ചൂടൻ ചായ ഊതി കുടിച്ചു മഞ്ഞു പുതച്ച തേയില തോട്ടങ്ങളെ ആസ്വദിച്ചപ്പോഴാണ്.

പാലും വെള്ളവും തേയിലയും പഞ്ചസാരയും സമ്മേളിക്കുന്ന ചായ രാജ്യങ്ങളുടെ അതിർത്തികൾ കടന്നാലും നിറം ഒന്നു തന്നെയായിരിക്കും.റിയാദിലെ ബൂഫിയകളിലെ കെറ്റിലുകളിൽ നിന്നു ചൂട് വെള്ളം പകർന്ന് ടിൻ പാലൊഴിച്ചു ടീ ബാഗ് ഇട്ട് മുക്കിയ പതയില്ലാത്ത ദ്രാവകമായിരുന്നു എന്റെ ആദ്യ രാജ്യാന്തര ചായ.പിന്നെ പാലും വെള്ളവും കടുപ്പവും മധുരവും തമ്മിൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും വിവിധ രൂപങ്ങളിൽ വിവിധ രാജ്യക്കാർ ചായ കൂട്ടുന്നത് കണ്ടിട്ടുണ്ട്.

ഓഫീസുകളിൽ ടീ ബോയി നേപ്പാൾ ചായ പകർന്ന് തന്നു രുചി അറിയിച്ചു.അറബി നാടുകളിലെ വ്യത്യസ്ത കൂട്ടു നിറഞ്ഞ ഗാവയും സുലൈമാനിയും സാദാ ചായയും ലിപ്റ്റൻ ടീ യും ഒക്കെ പതിയെ പരിചിതങ്ങളായി.ശീഷ ക്ളബ്ബ്കളിൽ നിറയുന്ന പുകയോടൊപ്പം കൊഴുത്ത പാലിൽ കുപ്പി ഗ്ളാസ്സിൽ കിട്ടുന്ന എരിവുള്ള കട്ടിംങ് ചായകൾ ഹരം പിടിപ്പിക്കുന്നതാണ്.

വാനിലയും ഏലക്കയും സ്വാദും മണവും കൂട്ടുമ്പോൾ മസാല ടീയും ജിഞ്ചർ ടീയും നാക്കിലെ രുചി മുകുളങ്ങളെ ഉണർത്തുന്നു.ചെമ്പരത്തിയുടെ സ്വാദുള്ള ഹിബിസ്കസ് ടീ ,സാഫ്രോൻ ടീ യൊക്കെ ചായ പ്രേമികളുടെ രുചി വൈവിധ്യങ്ങളാണ്.കോൾഡ് ടീ ചൂടൻ ചായകൾക്ക് വിരോധാഭാസം തന്നെയാണ് .

ഫ്ലൈറ്റ് യാത്രകളിൽ ചൂട് വെള്ളവും പാലും വെളുപ്പും ബ്രൗണും നിറങ്ങളിലെ പഞ്ചസാരയുടെ ടൂബുകളും ടീ ബാഗും നിങ്ങളുടെ മുൻപിൽ എത്തും നമുക്ക് ആവശ്യാനുസരണം ചായ കൂട്ടാം..ഏത് രാജ്യക്കാരനെയും സംതൃപ്‌തിപ്പെടുത്തൻ ഒരു ചായയ്ക്ക് പ്രത്യേക കഴിവുണ്ട്. ദേശത്തിന്റെ അതിർവരമ്പുകൾ ഭേദിച്ചു ജാതി മത വേലിക്കെട്ടുകൾ പൊളിച്ചു ഒരു പുഞ്ചിരിയോടെ നീട്ടുന്ന ആവിപറക്കുന്ന ചായക്കോപ്പകൾക്കൊപ്പം സൗഹൃദം പൂത്തുലയണം ശത്രുതകൾ അലിഞ്ഞു ഇല്ലാതാകണം.

ഇന്ത്യൻ പ്രധാനമന്ത്രിയുടെ ‘ചായ് പേ’ ചർച്ചയുടെ നയതന്ത്രവും ‘എ ടീ വിത്ത് കരൺ ജോഹർ’ പിടിപ്പിച്ച പുലിവാലുകളും ഈയിടെ നമ്മൾ കണ്ടതാണ്, ഉയരം കൂടുന്തോറും സ്വാദും കൂടുമെന്ന് ലാലേട്ടൻ പറയുന്നത് കേട്ട് നമ്മൾ ഊറി ചിരിക്കുമ്പോഴും 8000 അടി മേലെയുള്ള കൊളുക്കു മലയിലെ തേയിലത്തോട്ടം ലോകത്തിലെ തന്നെ ഉയരം കൂടിയതാണ്.

ഏറെക്കുറെ എല്ലാരുടെയും ജീവിതത്തിലെ വഴിത്തിരിവാകുന്ന പെണ്ണ് കാണൽ ചടങ്ങിൽ നിങ്ങളുടെ മുഖത്തേയ്ക്ക് ചായയോടൊപ്പം ഒരു പാളിയ നോട്ടം എത്തിയിട്ടുണ്ടാകും.ചിലർക്ക് ആദ്യ നോട്ടത്തിൽ തന്നെ മറ്റു വീടുകളിലെ ചായയും നോട്ടങ്ങളുടെ അവസരവും നഷ്ടമായിട്ടുണ്ടു. ടിവിയിൽ കണ്ണും നട്ടിരിക്കുന്ന ഭാര്യയെ ഇപ്പോൾ നിങ്ങൾ പാളി നോക്കിയിട്ട് കാര്യമില്ല,ആ ചായയെ പഴിച്ചിട്ടും .

ഫേസ്ബുക്കുകളിൽ ഊളിയിട്ടു പോകുമ്പോഴും വാട്‌സ് ആപ്പിലെ കൗതുകങ്ങൾ വിരൽ തുമ്പിൽ നീക്കുമ്പോഴും ഇത് വായിച്ചു കൊണ്ടിരിക്കുമ്പോഴും പകുതി കുടിച്ച ചായക്കപ്പ് അടുത്ത് ഉണ്ടാകും.

ഒതുക്കു കല്ലുകൾ നിരത്തിയ പടി കയറി വന്നാലും ലിഫ്റ്റ് കയറി പത്താം നിലയിലെ ആഡംബര ഫ്‌ളാറ്റിൽ വന്നാലും അതിഥി കൾക്ക് ഇന്നും മലയാളി സമ്മാനിക്കുന്നത് ആവി പറക്കുന്ന ജീവനുള്ള ചൂട് ചായ തന്നെയാണ്,കുടിക്കാൻ ഇഷ്ടപ്പെടുന്നതും….

വിറക് അടുപ്പിന്റെ ചൂടിൽ തിളച്ച പാലിലേയ്ക്ക് ഊറി ഇറങ്ങുന്ന തേയിലയുടെ മണവും നിറവും ഇളം ചൂടോടെ ഗ്ലാസ്സുകളിൽ പകർന്ന് വാത്സല്യത്തിന്റെ മധുരം ചാലിച്ചു ‘ഉറക്കപായയിൽ അമ്മ വിളിച്ചുണർത്തി നൽകിയിരുന്ന ചായയോളം വരില്ല ഇനിയൊരു ചായയും.

(ഭാര്യ കേൾക്കാതെ വായിക്കുക..ഇപ്പോൾ ഉള്ള ചായ നഷ്ടപ്പെടാൻ സാധ്യത ഉണ്ട്)

വിനോദ് കാർത്തിക

shortlink

Related Articles

Post Your Comments

Related Articles


Back to top button