Devotional

ശിവരാത്രി ഐതീഹ്യം

ശിവനുമായി ബന്ധപ്പെട്ട പുണ്യദിനം. മാഘമാസത്തിലെ കുംഭത്തിലെ -കൃഷ്ണപക്ഷ ചതുര്‍ദ്ദശി ദിവസമാണ് ശിവരാത്രി. ചതുര്‍ദ്ദശി അര്‍ദ്ധരാത്രിയില്‍ തട്ടുന്ന ദിവസമാണ് വ്രതമായി ആചരിക്കേണ്ടത്. രണ്ടു രാത്രികള്‍ക്ക് ചതുര്‍ദ്ദശീസംബന്ധം വന്നാല്‍ ആദ്യത്തേത് എടുക്കണം. താപസന്മാര്‍ക്ക് പ്രധാനവും ശിവ പ്രതീകരവുമായ ഈ വ്രതം അതിശ്രേഷ്ഠമാണ്.

പുരാണങ്ങളില്‍ ശിവരാത്രിയുമായി ബന്ധപ്പെടുത്തി രണ്ട് ഐതീഹ്യങ്ങളുണ്ട്. പാലാഴി മഥനം നടത്തിയപ്പോള്‍ രൂപം കൊണ്ട കാളകൂടവിഷം ലോക രക്ഷാര്‍ത്ഥം ശ്രീ പരമേശ്വരന്‍ പാനം ചെയ്തു. ഈ വിഷം ഉളളില്‍ച്ചെന്ന് ഭഗവാന് ഹാനികരമാവാതിരിക്കാന്‍ പാര്‍വതീ ദേവി അദ്ദേഹത്തിന്റെ കണ്ഠത്തില്‍ മുറുക്കിപ്പിടിക്കുകയും, വായില്‍ നിന്നു പുറത്തു പോവാതിരിക്കാന്‍ ഭഗവാന്‍ വിഷ്ണു വായ പൊത്തിപ്പിടിക്കുകയും ചെയ്തു. അങ്ങനെ വിഷം കണ്ഠത്തില്‍ ഉറയ്ക്കുകയും ഭഗവാന് നീലകണ്ഠന്‍ എന്ന നാമധേയം ലഭിക്കുകയും ചെയ്തു. ഭഗവാന് ആപത്തൊന്നും വരാതെ പാര്‍വ്വതീദേവി ഉറക്കമിളച്ചിരുന്നു പ്രാര്‍ഥിച്ച ദിവസമാണ് ശിവരാത്രി.

മഹാവിഷ്ണുവിനേയും ശിവനേയും ബ്രഹ്മാവിനേയും ബന്ധപ്പെടുത്തിയാണ് മറ്റൊരു ഐതീഹ്യം. മഹാവിഷ്ണുവിന്റെ നാഭിയില്‍ നിന്നും മുളച്ച് വന്ന താമരയില്‍ ബ്രഹ്മാവ് ജന്മമെടുത്തു. വിശാലമായ ജലപ്പരപ്പില്‍ക്കൂടി സഞ്ചരിച്ച ബ്രഹ്മാവിന് വിഷ്ണുവിനെ മാത്രമേ കാണാന്‍ കഴിഞ്ഞുള്ളു. നീ ആരാണ് എന്ന ചോദ്യത്തിന് നിന്റെ പിതാവായ വിഷ്ണു ആണ് ഞാന്‍ എന്ന ഉത്തരം ബ്രഹ്മാവിന് തൃപ്തി നല്‍കിയില്ല.

അവര്‍ തമ്മില്‍ യുദ്ധം ആരംഭിച്ചു.ഒരു ശിവലിംഗം അവര്‍ക്ക് മധ്യേ പ്രത്യക്ഷപ്പെട്ടു. അതിന്റെ മേലഗ്രവും കീഴഗ്രവും ദൃശ്യമായിരുന്നില്ല. അഗ്രങ്ങള്‍ കണ്ട് പിടിക്കാന്‍ ബ്രഹ്മാവ് മുകളിലേക്കും വിഷ്ണു താഴേക്കും സഞ്ചരിച്ചു. വളരെ സഞ്ചരിച്ചിട്ടും ഉദ്ദേശം ഫലിക്കാതെ രണ്ട് പേരും പൂര്‍വസ്ഥാനത്ത് വന്ന് നിന്നു. അപ്പോള്‍ ശിവന്‍ പ്രത്യക്ഷപ്പെട്ട് തന്റെ നിരതിശയമായ പ്രാധാന്യത്തെ അറിയിച്ചു.

ശിവന്‍ പ്രത്യക്ഷപ്പെട്ടത് മാഘമാസത്തിലെ കറുത്ത പക്ഷത്തില്‍ ചതുര്‍ദശി രാത്രിയിലായിരുന്നു. മേലില്‍ എല്ലാ വര്‍ഷവും ഈ രാത്രി ഒരു വ്രതമായി അനുഷ്ടിക്കണമെന്നും അതിന് ശിവരാത്രി വ്രതം എന്നായിരിക്കും പേരെന്നും ശിവന്‍ അരുളിചെയ്തു.ഇത് മറ്റൊരു ഐതീഹ്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button