ഓരോ ദിവസവും ചൂട് ഏറിക്കൊണ്ടിരിക്കുകയാണ്. കടുത്ത ചൂടില്‍ വെന്തുരുകുകയാണ് നാടും നഗരവും. സമീപകാലത്തെ ഏറ്റവും ശക്തമായ വേനലായിരിക്കും വരാനിരിക്കുന്നത് എന്ന സൂചനയാണ് ഇത് നല്‍കുന്നത്. ഇതിനിടെ സൂര്യഘാതത്തിനുള്ള സാധ്യത മുന്‍നിര്‍ത്തി തൊഴില്‍മേഖലകളിലും സര്‍ക്കാര്‍ നിയന്ത്രണവും കൊണ്ടുവന്നു.
അതില്‍ പ്രധാനം ചൂട് കനക്കുന്ന മണിക്കൂറുകളില്‍ നേരിട്ട് വെയില്‍ കൊള്ളാതിരിക്കുകയെന്നതാണ് സൂര്യാഘാതവുമായി ബന്ധപ്പെട്ട് നാം ഏറെ ശ്രദ്ധിക്കേണ്ട കാര്യം. രാവിലെ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള വെയിലാണ് ഏറ്റവും ശക്തിയേറിയതും സൂര്യാഘാതത്തിന് സാധ്യതയൊരുക്കുന്നതും. ഈ മണിക്കൂറുകളില്‍ പുറം ജോലികളിലേര്‍പ്പെടുകയോ, റോഡിലൂടെ നടക്കുകയോ ഒക്കെ ചെയ്യുന്നത് അല്‍പം കരുതി വേണം. അതുപോലെ തന്നെ ഈ സമയങ്ങളില്‍ കഴിയുന്നതും യാത്രകള്‍ ഒഴിവാക്കുന്നതും നല്ലതാണ്. കുടചൂടാതെ സൂര്യപ്രകാശം നേരിട്ട് ശരീരത്തില്‍ ഏല്‍ക്കുന്ന രീതിയില്‍ പുറത്തിറങ്ങി നടക്കരുത്.
രണ്ട് നേരം കുളിക്കുന്നതും, ചൂട് കൂടിയ സമയങ്ങളില്‍ ഇടയ്ക്കിടെ തണുത്ത വെള്ളമുപയോഗിച്ച് ദേഹം കഴുകുന്നതും സൂര്യാഘാതത്തെ ചെറുക്കും. കൊടിയ ചൂട് അനുഭവപ്പെടുന്ന സമയങ്ങളില്‍ കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഈ സമയത്തെ അമിത മദ്യപാനവും അപകടമാണ്. പകരം ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക. ഇടയ്ക്കിടെ കുറേശ്ശെയായി വേണം വെള്ളം കുടിക്കാന്‍. വസ്ത്രം ധരിക്കുമ്പോള്‍ ഇളം നിറത്തിലുള്ളതും കനം കുറഞ്ഞതുമായ വസ്ത്രം തെരഞ്ഞെടുക്കുക. കോട്ടണ്‍ വസ്ത്രമാണ് അനുയോജ്യം. ഈ സമയങ്ങളില്‍ മാംസാഹാരങ്ങള്‍ അമിതമായി കഴിക്കുന്നത് ഒഴിവാക്കാം. പകരം ജ്യൂസും പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കാം.
ശക്തമായ തലവേദന, ക്ഷീണവും തലക്കനവും, എത്ര ചൂടനുഭവപ്പെടുമ്പോഴും വിയര്‍ക്കാതിരിക്കുക, ചര്‍മ്മം ചുവന്ന് പഴുത്തിരിക്കുന്നത്, സന്ധികളില്‍ ബലക്കുറവും വേദനയും, ക്ഷീണവും ഛര്‍ദ്ദിയും, ഹൃദയസ്പന്ദനത്തിലെ വ്യതിയാനങ്ങള്‍, ശ്വസനപ്രശ്നങ്ങള്‍ എ്ന്നിവയൊക്കെ സൂര്യാഘാതത്തിന്റെ ലക്ഷണങ്ങളാണ്. ഇത്തരം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടുകയും വിശ്രമിക്കുകയും വേണം.
Post Your Comments