തിരുവനന്തപുരം: സ്ത്രീകളുടെയും കുട്ടികളുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി സംസ്ഥാന വനിത ശിശുവികസന വകുപ്പ് ആവിഷ്‌ക്കരിച്ച സമ്പുഷ്ട കേരളം പദ്ധതിക്ക് കണ്ണൂരില്‍ തുടക്കമായി. സമ്പുഷ്ട കേരളം പോഷണ പക്ഷാചരണം സംസ്ഥാനതല ഉദ്ഘാടനം കണ്ണൂര്‍ ജൂബിലി ഹാളില്‍ വച്ച് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു.
വയനാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ 8504 അംഗന്‍വാടികള്‍ വഴിയാണ് പദ്ധതി ആദ്യഘട്ടത്തില്‍ നടപ്പിലാക്കുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആറു മാസം മുതല്‍ മൂന്നു വയസുവരെയുള്ള കുട്ടികള്‍ക്ക് ‘റെഡി ടു ഈറ്റ് ഫുഡ്’ നല്‍കുന്ന പദ്ധതിയാണിത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍, പാലൂട്ടുന്ന അമ്മമാര്‍, എന്നിവര്‍ക്കും ഇത്തരം ഭക്ഷണം നല്‍കുന്നതിനുള്ള നടപടി പദ്ധതിയുടെ ഭാഗമായി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സ്മാര്‍ട്ട് ഫോണുകള്‍ വഴി ഓരോ അംഗന്‍വാടി പ്രദേശങ്ങളിലെ ആളുകളുടെ വിവരങ്ങള്‍ കേന്ദ്രീകൃത സര്‍വീസിലേക്ക് അപ്‌ലോഡ് ചെയ്താണ് പദ്ധതി നടപ്പാക്കുക. എല്ലാ അംഗന്‍വാടി വര്‍ക്കര്‍മാര്‍ക്കും ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍മാര്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ ലഭ്യമാക്കും. ഗുണഭോക്താക്കളെ സംബന്ധിച്ച് എല്ലാ വിവരങ്ങളും ഫോണിലെ ആപ്ലിക്കേഷന്‍ വഴി വര്‍ക്കര്‍ നല്‍കണം. ഇതില്‍ നിന്ന് ലഭ്യമാകുന്ന വിവരങ്ങള്‍ അനുസരിച്ച് അതാത് ദിവസം ക്രമാനുഗതമായി കുട്ടികളുടെ ഭാരം എടുത്ത് കേന്ദ്രസര്‍വറില്‍ അപ്‌ലോഡ് ചെയ്യുകയും ചെയ്യണം. ഇതനുസരിച്ചാണ് ഭക്ഷണരീതിയെ സംബന്ധിക്കുന്ന തീരുമാനങ്ങള്‍ കൈക്കൊള്ളുക. നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായി സംസ്ഥാന വനിത ശിശുവികസന വകുപ്പാണ് ഈ പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായ ചടങ്ങില്‍ സാമൂഹ്യനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍, വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഷീബ ജോര്‍ജ്, മേയര്‍ ഇ.പി. ലത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് എന്നിവര്‍ പങ്കെടുത്തു.
Post Your Comments