കോഴിക്കോട്: കഞ്ചാവ് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി വീണ്ടും കഞ്ചാവുമായി പിടിയിലായി. ആനക്കുഴിക്കര സ്വദേശി മായങ്കോട് ജംഷീദ് (37) ആണ് 1.5 കിലോ ഗ്രാം കഞ്ചാവുമായി പിടിയിലായത്. കോഴിക്കോട് ജില്ലയിലെ കായലം, ചെറുപ്പ, പൂവാട്ട്പറമ്പ്, ആനകുഴിക്കര, കുറ്റിക്കാട്ടൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും കഞ്ചാവ് വില്പന നടത്തുന്ന ശൃംഖലയിലെ പ്രധാനിയാണ് ഇയാള്‍. വില്പനയ്ക്കായി കൊണ്ടുവന്ന 1.5 കിലോഗ്രാം കഞ്ചാവുമായി മാവൂര്‍ പൊലീസും ഡന്‍സാഫും( ജില്ല ആന്റി നാര്‍ക്കോട്ടിക്ക് സ്‌പെഷല്‍ ആക്ഷന്‍ ഫോഴ്‌സ്) ചേര്‍ന്നാണ് ജംഷീദിനെ അറസ്റ്റ് ചെയ്തത്.
ഒരു കിലോയിലധികം കഞ്ചാവുമായി മുന്‍പ് ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആ കേസില്‍ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ആഡംബര ജീവിതത്തിനായി വീണ്ടും കഞ്ചാവ് വില്‍പനയിലേക്ക് കടക്കുകയായിരുന്നു. ഊര്‍ക്കടവ്- ചെറൂപ്പ റോഡില്‍ നൊച്ചിക്കാട്ട് കടവ് പാലത്തിനു സമീപത്ത് മാവൂര്‍ എസ്.ഐ ശ്യാമിന്റെ നേതൃത്വത്തില്‍ പൊലീസ് പട്രോളിംഗിനിടെ പൊലീസിനെ കണ്ട് പരിഭ്രമിച്ച് മോട്ടോര്‍ സൈക്കിള്‍ തിരിച്ചു പോകാന്‍ ശ്രമിക്കവെ വാഹനം തെന്നി വീണതിനെ തുടര്‍ന്ന് അസ്വാഭാവികത തോന്നി വാഹനം തടഞ്ഞ് പരിശോധിച്ചതിലാണ് സീറ്റിനടിയിലെ അറയില്‍ കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച നിലയില്‍ ഒന്നര കിലോയിലധികം കഞ്ചാവ് കണ്ടെത്തുന്നത്.
ആന്ധ്രപ്രദേശില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കേരളത്തില്‍ എത്തിക്കുന്നതെന്ന് ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞു. ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗം തടയുന്നതിന് കോഴിക്കോട് സിറ്റി പൊലീസ് ചീഫ് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഡന്‍സാഫിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ലഹരി – മയക്കുമരുന്ന് മാഫിയക്കെതിരായ അന്വേഷണം പൊലീസ് കൂടുതല്‍ ഊര്‍ജിതമാക്കിയിരുന്നു.
Post Your Comments