ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബുദ്ഗാമില്‍ നടന്ന ഹെലിക്കോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ട വ്യോമസേന പൈലറ്റുമാരില്‍ പ്രളയത്തിന്റെ സമയത്ത് കേരളത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ഉദ്യോഗസ്ഥനും. സ്ക്വാര്ഡന് ലീഡര്‍ സിദ്ധാര്‍ഥ് വസിഷ്ഠ് ആണ് കൊല്ലപ്പെട്ടത്. 31 കാരനായ ഇദ്ദേഹത്തിന്റെ ഭാര്യ ആര്‍തിയും വ്യോമസേനയിലെ സ്ക്വാര്ഡന് ലീഡറായിരുന്നു.
2010 ലാണ് സിദ്ധാര്‍ഥ് വ്യോമസേനയില്‍ ചേരുന്നത്. കേരളത്തില്‍ പ്രളയത്തിനിടെ നടത്തിയ രക്ഷാപ്രവര്‍ത്തനത്തിന് അദ്ദേഹത്തിന് പ്രത്യേക പ്രശംസ ലഭിച്ചിരുന്നു. കഴിഞ്ഞ ജൂലൈയിലാണ് സിദ്ധാര്‍ഥും ഭാര്യയും ശ്രീനഗറിലേക്കു മാറിയത്. സിദ്ധാര്‍ഥിന്റെ അമ്മാവന് വിനീത് ഭരത്വാജും വ്യോമസേനയിലെ പൈലറ്റായിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ വിമാനാപകടത്തിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.
2013ലാണ് സിദ്ധാര്‍ഥ് വിവാഹിതനായത്. രണ്ടു വയസ്സുള്ള ഒരു മകനുണ്ട്. അവധിയിലായിരുന്ന സിദ്ധാര്‍ഥിന്റെ ഭാര്യ ആര്‍തിയെ അവധി ക്യാന്‍സല്‍ ചെയ്ത് തിരികെ വിളിച്ചിരുന്നെങ്കിലും ജോലിക്കു കയറുന്നതിന് മുന്‍പുതന്നെ സിദ്ധാര്‍ഥിന്റെ മരണവാര്‍ത്ത ആര്‍തി അറിയുകയും ചെയ്തു. സിദ്ധാര്‍ഥിന്റെ അച്ഛനും മുത്തച്ഛനും മുതുമുത്തച്ഛനും സൈന്യത്തിലായിരുന്നു.
അതേസമയം വ്യോമസേനയുടെ എം.ഐ. പതിനേഴ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മരിച്ചവരുടെ എണ്ണം ഏഴായി ഉയര്‍ന്നിരുന്നു. ആറ് വ്യോമസേനാ ഉദ്യോഗസ്ഥരും ഒരു നാട്ടുകാരനുമാണ് മരിച്ചത്. സംഭവത്തില്‍ സൈനികതലത്തിലുളള അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ബുധ്ഗാമിലെ കൃഷിസ്ഥലത്താണ് ഹെലിക്കോപ്റ്റര്‍ തകര്‍ന്നുവീണത്. സാങ്കേതിക തകരാറാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Post Your Comments