കൂനൂർ: രാജ്യത്തെ നടുക്കിയ തമിഴ്‌നാട്ടിലെ കൂനൂരില്‍ അപകടത്തില്‍ തകര്‍ന്ന വ്യോമസേന ഹെലികോപ്റ്ററിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തി. അപകടകാരണം അന്വേഷിക്കുന്ന വ്യോമസേന ഉദ്യോഗസ്ഥരുടെ സംഘമാണ് ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയത്. വ്യോമസേനയുടെ മികച്ച ഹെലികോപ്റ്ററുകളിലൊന്നായ എംഐ-17വി5 ആയിരുന്നു അപകടത്തില്‍പെട്ടത്. അപകടകാരണം കണ്ടെത്താന്‍ വളരെയധികം സഹായകരമാണ് കണ്ടെത്തിയിട്ടുളള ബ്ലാക് ബോക്‌സ്.സംഭവസ്ഥലത്ത് അന്വേഷണ സംഘത്തിന്റെ പരിശോധന തുടരുകയാണ്. വിങ് കമാന്‍ഡര്‍ ഭരദ്വജിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്. വ്യോമസേന മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ വിവേക് റാം ചൗധരിയും സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തില്‍ സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ ഭാര്യ മധുലിക റാവത്തടക്കം പതിമൂന്നുപേര്‍ മരിച്ചിരുന്നു.
കോയമ്പത്തൂരില്‍ നിന്ന് ഊട്ടിയിലേക്ക് പോകുന്ന വഴിക്ക് കുനൂരില്‍ വെച്ചാണ് അപകടമുണ്ടായത്. കൂനൂരില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള കട്ടേരി പാര്‍ക്കില്‍ ഉച്ചയ്ക്ക് 12.30നായിരുന്നു അപകടം നടന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. കോളജില്‍ സംഘടിപ്പിച്ച കേഡറ്റ് ഇന്ററാക്ഷന്‍ പ്രോഗ്രാമില്‍ പങ്കെടുക്കാനായിരുന്നു യാത്ര.ഡല്‍ഹിയില്‍ നിന്ന് രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്തമഞ്ഞ് കാരണം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങി. ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു.
Post Your Comments