കൊച്ചി: അതിർത്തിയിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാകുന്നതിനിടെ പൂർണ്ണ സജ്ജമാകാൻ ഇന്ത്യൻ പടക്കപ്പലുകൾക്ക് നാവികസേന നിർദ്ദേശം നൽകിയതായി സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയിൽ ഇന്നലെ രാത്രി ചേർന്ന സേനാ മേധാവികളുടെ അടിയന്തിര യോഗത്തിന് ശേഷമാണ് നാവികസേന നിർദ്ദേശം നൽകിയത്.അതേസമയം, ആവർത്തിക്കുന്ന പാക് പ്രകോപനങ്ങൾ കണക്കിലെടുത്ത് കൊച്ചിയിലും അതീവ ജാഗ്രത നൽകി. തീരദേശ മേഖലയിൽ കർശന നിരീക്ഷണവും, പരിശോധനകളുമാണ് നടക്കുന്നത്.
നാവികാസ്ഥാനത്തെ ജോയിന്റ് ഓപ്പറേഷൻ സെന്റർ കേന്ദ്രീകരിച്ചാണ് സുരക്ഷാ ഏകോപനം.രാജ്യത്തിന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊന്നാണ് കൊച്ചിയെന്നതിനാൽ എതിരാളികളുടെ പ്രധാന ലക്ഷ്യകേന്ദ്രങ്ങളിലൊന്നും കൊച്ചിയാകുമെന്ന വിലയിരുത്തലിലാണ് എല്ലാ മേഖലകളിലെയും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. നേവി, കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പോലീസ്, കസ്റ്റംസ് വിഭാഗങ്ങൾക്കെല്ലാം അതീവ ജാഗ്രതാ നിർദ്ദേശം ലഭിച്ചിട്ടുണ്ട്. കടൽ മാർഗ്ഗമുള്ള ഏതാക്രമണത്തെയും, കടന്നുവരവിനെയും മുന്നിൽക്കണ്ടാണ് പരിശോധനകൾ.
സാധാരണ നടത്താറുള്ള പെട്രോളിംഗിനൊപ്പം പഴുതടച്ചുള്ള സുരക്ഷയ്ക്കായി കൂടുതൽ ബോട്ടുകൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് കോസ്റ്റൽ പോലീസ്.
പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഏറ്റവും വലിയ യുദ്ധ പരിശീലനം ഇന്ത്യൻ നാവിക സേന നിർത്തിവച്ചിരുന്നു. നാൽപ്പതോളം യുദ്ധക്കപ്പലുകളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്നുവരുന്ന ട്രോപക്സ് എന്ന അഭ്യാസപ്രകടനമായിരുന്നു നിർത്തിവച്ചത്. കൊച്ചിയ്ക്ക് സമീപവും, വിശാഖപട്ടണത്തിനും ചെന്നൈയ്ക്കുമിടയിലും ജനുവരി 30ന് തുടങ്ങിയ യുദ്ധ പരിശീലനങ്ങൾ മാർച്ച് 14നാണ് അവസാനിക്കേണ്ടിയിരുന്നത്.
കൊച്ചി നാവികാസ്ഥാനത്തെ ജോയിന്റ് ഓപ്പറേഷൻ സെന്റർ കേന്ദ്രീകരിച്ചാണ് വിവിധ സുരക്ഷാ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നത്. മാഹി, ലക്ഷദ്വീപ്, കേരളം എന്നിവിടങ്ങളിലെ സുരക്ഷാ നടപടികളാണ് കൊച്ചിയിലെ ജോയിന്റ് ഓപ്പറേഷൻ സെന്ററിൽ നിയന്ത്രിക്കുന്നത്. കേരളത്തിലെ എല്ലാ തീരദേശ മേഖലകളിലും കർശന പരിശോധനകൾ നടക്കുന്നുണ്ട്. കൊച്ചിയിലെ തന്ത്രപ്രധാന ഭാഗങ്ങളും, ജനങ്ങൾ വലിയ തോതിൽ ഒത്തുചേരുന്ന കേന്ദ്രങ്ങളുമെല്ലാം സുരക്ഷാ ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
രാജ്യതലസ്ഥാനമായ ഡൽഹിയ്ക്ക് പുറത്ത് ആദ്യമായി സേനാമേധാവികളുടെ സംയുക്ത യോഗം ചേർന്നത് കൊച്ചിയിലായിരുന്നു. അതിനാൽ കൂടിയാണ് സുരക്ഷ കൂടുതൽ വർദ്ധിപ്പിക്കുന്നത്. 2015 ൽ കൊച്ചി തീരത്ത് ഐഎൻഎസ് വിക്രമാദിത്യയിൽ വച്ചായിരുന്നു രാജ്യ തലസ്ഥാനത്തിന് പുറത്ത് ആദ്യമായി സേനാമേധാവികളുടെ സംയുക്ത യോഗം നടന്നത്.
Post Your Comments