ന്യൂഡൽഹി: ഇന്ത്യൻ വൈമാനികനെ മോചിപ്പിക്കാനുള്ള പാക് പ്രഖ്യാപനം വന്നത് ഇന്ത്യയുടെ കടുത്ത സമ്മർദ്ദത്തിനെ തുടർന്ന് . അഭിനന്ദന്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിൽ ഇന്ത്യ യുദ്ധം പ്രഖ്യാപിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. ഇന്ത്യയുടെ തീരുമാനം മറ്റൊരു രാജ്യത്തിന്റെ നയതന്ത്ര പ്രതിനിധികൾ വഴി പാകിസ്ഥാനെ അറിയിച്ചിരുന്നുവെന്നാണ് സൂചന. വൈകിട്ട് നടത്താൻ നിശ്ചയിച്ചിരുന്ന കര ,വ്യോമ , നാവികസേനകളുടെ സംയുക്ത സമ്മേളനത്തിൽ തീരുമാനം പ്രഖ്യാപിക്കാനിരിക്കെയാണ് അഭിനന്ദനെ വിട്ടു തരാമെന്ന് പാകിസ്ഥാൻ സമ്മതിച്ചത്.
അഭിനന്ദനെ കയ്യിൽ വച്ചു കൊണ്ട് വിലപേശാമെന്ന പാക് തന്ത്രം ഇന്ത്യ മുളയിലേ നുള്ളിയിരുന്നു. ചർച്ചകൾക്കും വിലപേശലിനും താത്പര്യമില്ലെന്നും എത്രയും വേഗം ഇന്ത്യൻ സൈനികനെ വിട്ടു കിട്ടണമെന്നുമായിരുന്നു ഇന്ത്യയുടെ നിലപാട്. ഒരു ഘട്ടത്തിൽ പോലും നിലപാട് അയയ്ക്കാൻ ഇന്ത്യ തയ്യാറായില്ല. ശക്തമായ ആക്രമണം നടത്താൻ തയ്യാറെടുത്ത് ഇന്ത്യൻ നാവികസേന കറാച്ചിക്ക് സമീപം നിലയുറപ്പിച്ചതോടെ പാകിസ്ഥാന് ഗത്യന്തരമില്ലാതായി.അഭിനന്ദന് എന്തെങ്കിലും സംഭവിച്ചാൽ തിരിച്ചടിക്കുമെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കുകയും ചെയ്തിരുന്നു.
ഇന്ത്യയുടെ കടുത്ത നിലപാട് പാകിസ്ഥാനെ അറിയിച്ചത് യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആണെന്നും സൂചനയുണ്ട്.ഇന്ത്യൻ അതിർത്തി ലംഘിച്ച് കടന്നു കയറിയ പാക് പോർ വിമാനം വെടിവെച്ചിട്ടതിനു ശേഷമാണ് അഭിനന്ദൻ പറത്തിയിരുന്ന ഇന്ത്യൻ മിഗ് വിമാനം തകർന്നു വീണത്. ഒരു എഫ് -16 മായി പോരാട്ടം ആരംഭിക്കുമെന്ന് കൺട്രോൾ റൂമിൽ ഇന്ത്യൻ പൈലറ്റ് വിവരം എത്തിച്ചിരുന്നു. പാക് അധിനിവേശ കശ്മീരിൽ തകർന്നു വീണ വിമാനത്തിൽ നിന്ന് രക്ഷപ്പെട്ട അഭിനന്ദനെ പ്രദേശ വാസികൾ പിടികൂടി സൈന്യത്തെ എൽപ്പിക്കുകയായിരുന്നെന്നാണ് സൂചന.
ലോകരാജ്യങ്ങളെല്ലാം ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിച്ചതോടെ തികച്ചും ഒറ്റപ്പെട്ടു പോയി പാകിസ്ഥാൻ. ചൈന പോലും പ്രത്യക്ഷത്തിൽ ഇന്ത്യൻ നിലപാടിനൊപ്പമായിരുന്നു. ഇതോടെ അന്താരാഷ്ട്ര രംഗത്ത് മുഖം നഷ്ടപ്പെട്ട പാകിസ്ഥാൻ ഒടുവിൽ അഭിനന്ദനെ വിടാൻ നിർബന്ധിതരാവുകയായിരുന്നു.
Post Your Comments