ന്യൂഡൽഹി : പാകിസ്ഥാനിലെ ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളെ ഇന്ത്യൻ സൈന്യം ആക്രമിച്ചതിനെ തുടർന്ന് പാകിസ്ഥാൻ ഒറ്റപ്പെടുന്നു. ഇതിനിടെ ഇന്ത്യൻ ആക്ടിംഗ് ഹൈക്കമ്മീഷണറെ വിളിച്ചു വരുത്തി പാകിസ്ഥാൻ പ്രതിഷേധം അറിയിച്ചു. അതിർത്തി ലംഘിച്ചതിന് ശക്തമായ മറുപടി നേരിടേണ്ടി വരുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ട്. ഇന്ത്യൻ സിനിമകളും പരസ്യങ്ങളും പാകിസ്ഥാനിൽ നിരോധിച്ചിട്ടുണ്ട്. ലോകരാജ്യങ്ങളിലാരും പാകിസ്ഥാനു പിന്തുണയുമായി എത്തിയില്ല.
ചൈനയുടെ ഭാഗത്തു നിന്നു പോലും പരസ്യമായ ഒരു പിന്തുണ പാകിസ്ഥാന് ലഭിച്ചില്ല. യുദ്ധം ഒഴിവാക്കണമെന്ന് പൊതുവെ ഒരു പ്രസ്താവന മാത്രമാണ് ചൈനയുടെ ഭാഗത്ത് നിന്നുണ്ടായത്.അതേസമയം ഇന്ത്യയെ അനുകൂലിച്ച് ഫ്രാൻസ് രംഗത്തെത്തി. അതിർത്തി കടന്നുള്ള ഭീകരവാദത്തെ ഇല്ലാതാക്കാൻ ഇന്ത്യക്ക് അവകാശമുണ്ടെന്ന് ഫ്രാൻസ് വ്യക്തമാക്കി. ഇത്തരം ഭീകര പ്രവർത്തനങ്ങൾ സ്വന്തം മണ്ണിൽ ഉണ്ടാകാതെ നോക്കേണ്ടത് പാകിസ്ഥാന്റെ ഉത്തരവാദിത്വമാണെന്നും ഫ്രഞ്ച് വിദേശ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ഓസ്ട്രേലിയയും ഇന്ത്യക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. ഭീകര ഗ്രൂപ്പുകൾക്കെതിരെ പാകിസ്ഥാൻ എത്രയും പെട്ടെന്ന് നടപടിയെടുക്കണം. ഫെബ്രുവരി 14 ന് ഇന്ത്യയിൽ ആക്രമണം നടത്തിയ ജെയ്ഷെ മുഹമ്മദിനെതിരേയും മറ്റൊരു ഭീകര സംഘടനയായ ലഷ്കർ ഇ തോയ്ബയ്ക്ക് നേരേയും കൃത്യവും ശക്തവുമായ നടപടികൾ പാകിസ്ഥാൻ എടുക്കണമെന്ന് ഓസ്ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ ആവശ്യപ്പെട്ടു.
Post Your Comments