തിരുവനന്തപുരം•തിരുവനന്തപുരത്ത് ചേര്‍ന്ന കിഫ്ബി എക്സിക്യുട്ടീവ്, ഗവേണിംഗ്ബോഡി യോഗങ്ങള്‍ 1003.72 കോടി രൂപയുടെ 24 പുതിയ പദ്ധതികള്‍ക്കുകൂടി അംഗീകാരം നല്കി.
കൊല്ലം – താന്നി കടലോരത്തെ തീരസംരക്ഷണം, ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ആല, പുലിയൂര്, ബുധനൂര്‍, പാണ്ടനാട്, വെണ്മണി പഞ്ചായത്തുകള്‍ക്കും ചെങ്ങന്നൂര്‍ നഗരസഭയ്ക്കുമുള്ള കുടിവെള്ള പദ്ധതി (188.68 കോടി), ആയൂര്‍ – അഞ്ചല്‍ – പുനലൂര്‍ റോഡിന്റെ സമഗ്രനവീകരണം (123.37 കോടി), പത്തനംതിട്ടയിലെ തുമ്പമണ്‍ – കോഴഞ്ചേരി റോഡിന്റെ പുനരുദ്ധാരണം (103.03 കോടി), കാസര്‍ഗോഡ് ജില്ലയിലെ ബോവിക്കാനം – കാനത്തൂര്‍ – ഇരഞ്ഞിപ്പുഴ – കുറ്റിക്കോല്‍ റോഡ് (54.52 കോടി), ബദിയഡുക്ക – എന്തടുക്ക – ശൂല്യപ്പടവ് റോഡ് (45.58 കോടി), തലശ്ശേരി ജില്ലാ കോടതി കോംപ്ലക്സ് (50.14 കോടി), അരൂരിലെ കാക്കത്തുരുത്ത് പാലം (33.14 കോടി) എന്നിവ ഇപ്പോള്‍ കിഫ്ബി അനുവദിച്ച പദ്ധതികളില്‍പ്പെടും. ഈ പദ്ധതികളുടെ വിശദമായ ലിസ്റ്റ് അനുബന്ധമായി ചേര്‍ത്തിരിക്കുന്നു. ഇതോടെ കിഫ്ബി അംഗീകരിച്ച പദ്ധതികളുടെ ആകെ തുക ഭൂമി ഏറ്റെടുക്കലടക്കം 42,363 കോടി രൂപയായി.
വിവിധ വകുപ്പുകളിന്‍ കീഴിലായി 533 പദ്ധതികള്‍ക്കാണ് ഇതിനോടകം കിഫ്ബി അംഗീകാരം നല്‍കിയിട്ടുള്ളത്. ഇവയില്‍ 9928 കോടി രൂപയുടെ 238 പ്രവൃത്തികള്‍/ടെണ്ടര്‍ നടപടികളിലേയ്ക്ക് കടന്നു. 7893 കോടി രൂപ അടങ്കലുള്ള 193 പ്രവൃത്തികളുടെ നിര്‍മ്മാണം/പ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തു.
പൊതുവിദ്യാഭ്യാസ മേഖലയില്‍ 2038 കോടി രൂപയുടെ 76 പ്രവൃത്തികള്‍ക്ക് അംഗീകാരം നല്കി. അതില്‍ 1376 കോടി രൂപയുടെ 49 എണ്ണം പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്യുകയും നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു. ആരോഗ്യ മേഖലയില്‍ 1614.42 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്കിയപ്പോള് 963.33 കോടി രൂപയുടെ പ്രവൃത്തികള്‍ ടെണ്ടര്‍ ചെയ്തു. 678.02 കോടി രൂപയുടെ പ്രവൃത്തികള്‍ നിര്‍മ്മാണത്തിലാണ്. 10491 കോടി രൂപയുടെ 249 പ്രവൃത്തികള്‍ക്കാണ് പൊതുമരാമത്ത് വകുപ്പില്‍ അനുമതി നല്‍കിയത്. ഇതില്‍ 3717 കോടി രൂപയുടെ 111 പ്രവൃത്തികള്‍ ടെണ്ടര്‍ നടപടികളിലേയ്ക്ക് കടക്കുകയും 3104 കോടി രൂപയുടെ നിര്‍മ്മാണപ്രവൃത്തികള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. കുടിവെള്ള മേഖലയില്‍ 66 പദ്ധതികള്‍ക്കായി 3252.54 കോടി രൂപയുടെ പ്രവൃത്തികള്‍ക്ക് അംഗീകാരം നല്കി. 1083.15 കോടി രൂപയുടെ 23 പദ്ധതികള്‍ നിര്‍മ്മാണത്തിലേയ്ക്ക് നീങ്ങി. അനുവദിച്ച പദ്ധതികളുടെ വകുപ്പ് തിരിച്ചുള്ള ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ച പട്ടികയും അനുബന്ധമായി ചേര്‍ത്തിട്ടുണ്ട്.
തീരസംരക്ഷണത്തിനായി നേരത്തെ കിഫ്ബി അംഗീകാരം നല്‍കിയിരുന്ന താഴെപ്പറയുന്ന ഗ്രോയിന്‍ ഫീല്‍ഡുകള്‍ക്ക് അന്തിമാനുമതി നല്കി ഉത്തരവിറക്കി. ഇവ ടെണ്ടര്‍ നടപടികളിലേയ്ക്ക് നീങ്ങുകയാണ്.
കാട്ടൂര്‍ തീരം (49.859 കോടി), അമ്പലപ്പുഴ – പുന്നപ്ര തീരം (53.358 കോടി), ആറാട്ടുപുഴ (28.519 കോടി), വട്ടച്ചാല്‍ (30.67 കോടി), ആലപ്പുഴ – പതിയാന്‍കര (21.635 കോടി).
Post Your Comments