ഡൽഹി : പ്രത്യാക്രമണത്തിൽ ഒരു പൈലറ്റിനെയും മിഗ് 21 യുദ്ധ വിമാനവും ഇന്ത്യയ്ക്ക് നഷ്ടമായിയെന്ന് സ്ഥിരീകരിച്ചു. വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എന്നാൽ കാണാതായ പൈലറ്റിന്റെ പേരുവിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല.വിദേശകാര്യ വക്താവ് രവീഷ് കുമാറും എയര്‍ വൈസ് മാര്‍ഷല്‍ ആര്‍ജികെ കപൂറുമാണ് വാർത്താ സമ്മേളനം നടത്തിയത്.
പ്രത്യാക്രമണത്തിൽ ഒരു പാക് യുദ്ധവിമാനം ഇന്ത്യ തകർത്തുവെന്ന് വിദേശകാര്യ വക്താവ് അറിയിച്ചു. കൂടുതൽ വസ്തുക്കൾ അറിഞ്ഞതിന് ശേഷം മറ്റുകാര്യങ്ങൾ അറിയിക്കാമെന്ന് അദ്ദേഹം വ്യക്തമാക്കി.പാകിസ്ഥാന്റെ ആക്രമണം പ്രതിരോധിക്കുന്നതിന്റെ ഇടയിലാണ് പൈലറ്റിനെ നഷ്ടമായത്.
ബുധനാഴ്ച ടേക്ക് ഓഫ് ചെയ്ത മിഗ് 21 ബിസണ്‍ ജെറ്റിലുണ്ടായിരുന്ന ഇന്ത്യന്‍ വ്യോമസേന പൈലറ്റ് വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധന്‍ ഇതുവരെ തിരിച്ചെത്തിയിട്ടില്ലെന്ന് എഎന്‍ഐ ട്വീറ്റ് ചെയ്യുന്നു
അതേസമയം പിടിയിലാണെന്ന് ആരോപിക്കുന്ന ഇന്ത്യൻ പൈലറ്റിന്റെ ദൃശ്യങ്ങൾ പാകിസ്ഥാൻ പുറത്തുവിട്ടു. കമാൻഡർ അഭിനന്ദിന്റെ ചിത്രം എന്ന പേരിലാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയുടെ രണ്ട് വിമാനങ്ങള്‍ വെടിവച്ചിട്ടുവെന്നാണ് പാകിസ്ഥാൻ സൈന്യം അറിയിച്ചത്. കൂടാതെ ഒരു ഇന്ത്യന്‍ പൈലറ്റിനെയും അറസ്റ്റ് ചെയ്തുവെന്ന് അറിയിച്ചിരുന്നു.
തകർന്ന രണ്ട് വിമാനങ്ങളിൽ ഒന്നിലെ പൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പാകിസ്ഥാനിൽ പതിച്ച വിമാനത്തിലെ പൈലറ്റിനെയാണ് ഇപ്പോൾ പാകിസ്ഥാൻ അറസ്റ്റ് ചെയ്തുവെന്ന് ആരോപിക്കുന്നത്. ഇതിന്റെ നിരവധി ദൃശ്യങ്ങൾ പാകിസ്ഥാൻ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിടുന്നുണ്ട്.
Post Your Comments