പ്രണയം, ഒരു ചെറു പുഞ്ചിരി, തീര്‍ഥാടനം തുടങ്ങി, വാര്‍ധക്യ കാലത്തെ പ്രണയത്തെപ്പറ്റി മലയാളികള്‍ക്ക് ഓര്‍ത്തിരിക്കാന്‍ ഒരു പിടി സിനിമകളുണ്ട്. എന്നാല്‍ നവമാധ്യമങ്ങളില്‍ ഇപ്പോള്‍ തരംഗമാകുന്നത് ഇതേ പ്രമേയത്തില്‍ തമിഴില്‍ പുറത്തിറങ്ങിയ ഒരു ഗാനമാണ്. വിജയ് ശ്രീ സംവിധാനം ചെയ്ത് കമലഹാസന്റെ സഹോദരന് ചാരുഹാസനും നടി മേനകയുടെ അമ്മ സരോജം, ജനകരാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമായ ‘ദാദാ 87’ ലെ ഗാനരംഗമാണ് ഇറങ്ങിക്കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത്. ഇപ്പോള്‍ മാത്രം ഗാനം78000 ലേറെ തവണയാണ് യുട്യൂബില്‍ ആളുകള്‍ കണ്ടു.
ആദ്യരാത്രിയില്‍ കണ്ടുമുട്ടുന്ന, വൃദ്ധമിഥുനങ്ങളുടെ പ്രണയരംഗമാണ് ഗാനത്തില്‍ ആവിഷ്കരിച്ചിരിക്കുന്നത്. 1992 ല്‍ പുറത്തിറങ്ങിയ കമലഹാസന് ചിത്രമായ തേവര് മകനിലെ സൂപ്പര്‍ ഹിറ്റ് ഗാനമായ ‘ഇഞ്ചി ഇടുപ്പഴകി…’ എന്ന പാട്ടാണ് ഗാനരംഗത്തോടൊപ്പം പിന്നണിയില്‍ ഉള്ളത്. പ്രണയത്തില്‍ പ്രായം ഒരു വിഷയമല്ലെന്ന് തെളിയിക്കുകയാണിവിടെ. ജരാനരകള്‍ ബാധിച്ചാലും ആരെയും ആസൂയപ്പെടുത്തുന്ന തരത്തില്‍ രണ്ട് പേര്‍ക്ക് പ്രണയിക്കാന്‍ സാധിക്കുമെന്ന് ഗാനം തെളിയിക്കുന്നു.
1988 ല്‍ പുറത്തിറങ്ങിയ കമലഹാസന്റെ ‘സത്യ’ എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് ദാദാ 87 എന്നാണ് വാര്‍ത്ത. മുഴുനീള ഗ്യാങ്സ്റ്റര്‍ ചിത്രമാണിത്. മാര്‍ച്ച് ഒന്നിന് തീയറ്ററുകളില്‍ എത്തും. കാലൈ സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറുകളും നേരത്തെ തന്നെ ചര്‍ച്ചയായതാണ്.
Post Your Comments