തിരുവനന്തപുരം: പ്രളയ ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ട 228 കുടുംബങ്ങള്‍ ചൊവ്വാഴ്ച പുതിയ വീടുകളിലേക്ക് മാറും. സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയര്‍ കേരള പദ്ധതി പ്രകാരം നിര്‍മ്മാണം ആരംഭിച്ച രണ്ടായിരം വീടുകളില്‍ ആദ്യം പൂര്‍ത്തിയായ 228 വീടുകളാണ് കൈമാറുന്നതെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ഉച്ചയ്ക്ക് 2.45 ന് തിരുവനന്തപുരം ജവഹര്‍ സഹകരണ ഭവന്‍ ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന തല ഉദ്ഘാടനവും വീടുകളുടെ താക്കോല്‍ ദാനവും നിര്‍വഹിക്കുന്നത്.
സംസ്ഥാനതല ഉദ്ഘാടന ചടങ്ങിനൊപ്പം എല്ലാ ജില്ലകളിലും പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ തത്സമയ സംപ്രേഷണ സൗകര്യമൊരുക്കി ഒരേ സമയം താക്കോലുകള്‍ കൈമാറുകയാണ് ചെയ്യുക. അതാത് ജില്ലകളില്‍ നടക്കുന്ന പരിപാടിയില്‍ വിവിധ മന്ത്രിമാരും ജനപ്രതിനിധികളും ഗുണഭോക്താക്കള്‍ക്ക് താക്കോലുകള്‍ കൈമാറും.
സഹകരണ വകുപ്പ് സമാഹരിച്ച ഫണ്ടില്‍ നിന്നും ഒരു വീടിന് 4 ലക്ഷം രൂപ വീതവും, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഫണ്ടില്‍ നിന്നും ഒരു ലക്ഷം രൂപ വീതവും നല്‍കിയതോടെ 5 ലക്ഷം രൂപയാണ് ഒരു വീടിനായി മുടക്കിയത്. എന്നാല്‍ പലയിടങ്ങളിലും കൂടുതല്‍ തുക കണ്ടെത്തി അതും വീട് നിര്‍മ്മാണത്തിനായി വിനിയോഗിച്ചു. നിര്‍മ്മാണ പുരോഗതി ദിവസവും വിലയിരുത്തി സമയബന്ധിതമായാണ് വീട് നിര്‍മ്മാണം നടത്തിയത്.
രണ്ടു മാസത്തിനകം രണ്ടായിരം വീടുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്ന് കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ രണ്ടിനാണ് കെയര്‍ ഹോം പദ്ധതിക്ക് മുഖ്യമന്ത്രി ചെങ്ങന്നൂരില്‍ തുടക്കം കുറിച്ചത്. മൂന്ന് മാസം തികയുന്നതിന് മുമ്പേ 228 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത് സഹകരണ പ്രസ്ഥാനത്തിന്റെ കരുത്തിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു.
200 വീടുകളാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടതെങ്കിലും 28 വീടുകള്‍ കൂടുതല്‍ പൂര്‍ത്തീകരിച്ചതോടെയാണ് 228 വീടുകള്‍ കൈമാറാനാകുന്നത്.
Post Your Comments