തിരുവനന്തപുരം•കൂടുതൽ ഉപഭോക്താക്കളെ സപ്ലൈകോയിലേക്ക് ആകർഷിക്കുന്നതിനും ഗൃഹോപകരണ വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനും സപ്ലൈകോ വിപണിയിൽ ഇടപെടുന്നു. തിരഞ്ഞെടുക്കപ്പെട്ട 10 വിൽപ്പനശാലകളിലൂടെയാണ് ആദ്യപടിയായി വിപണനം. കോട്ടയം, തിരുവനന്തപുരം, കരുനാഗപ്പള്ളി, എറണാകുളം എന്നീ ഹൈപ്പർ മാർക്കറ്റുകളിലും, കൊട്ടാരക്കര, പുത്തനമ്പലം, മാള, ചാലക്കുടി, എടക്കര എന്നീ സൂപ്പർ മാർക്കറ്റുകളിലും, തൃശൂർ പീപ്പിൾസ് ബസാറിലുമാണ് ഗൃഹോപകരണ വിപണനം തുടങ്ങുന്നത്. ഗൃഹോപകരണ വിപണനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കോട്ടയം ഹൈപ്പർ മാർക്കറ്റിൽ നാളെ ( 26 ഫെബ്രുവരി) ഉച്ചയ്ക്ക് രണ്ടിന് ഭക്ഷ്യ-പൊതുവിതരണമന്ത്രി പി.തിലോത്തമൻ നിർവ്വഹിക്കും. തൽസമയം തന്നെ വീഡിയോ കോൺഫറൻസിലൂടെ മറ്റു വിൽപ്പനശാലകളുടെയും വിപണനോദ്ഘാടനം നടക്കും. സ്ഥലം എം.എൽ.എ.മാർ, തദ്ദേശ സ്വയംഭരണ പ്രതിനിധികൾ എന്നിവരും പങ്കെടുക്കും.
പ്രമുഖകമ്പനികളുടെ മിക്‌സി, പ്രെഷർ കുക്കർ, സീലിംഗ് ഫാൻ, ഗ്യാസ് സ്റ്റൗ, എയർ കൂളർ, ഇൻഡക്ഷൻ കുക്കർ, തെർമൽ ഫ്‌ളാസ്‌ക്, അയേൺ ബോക്‌സ്, ഡിന്നർ സെറ്റ്, ഫ്രൈ പാൻ, കാസ്സെറോൾ, മോപ്പുകൾ, തുടങ്ങിയ ഉൽപ്പന്നങ്ങളാണ് വിപണനത്തിനായി തിരഞ്ഞെടുത്തിട്ടുള്ളത്. എംആർപിയിൽ നിന്നും 40 ശതമാനം വരെ കുറഞ്ഞ വിലയിലാണ് ഇവയെത്തിക്കുന്നത്. പ്രമുഖ ബ്രാൻറുകളുടെ കൂടുതൽ ഗൃഹോപകരണ ഉത്പ്പന്നങ്ങൾ അനുയോജ്യമായ മറ്റ് വിപണനശാലകൾ കൂടിയും വിപണനം നടത്താൻ ഉദ്ദേശിക്കുന്നുണ്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് മാർച്ച് 15 വരെ വിൽപ്പനശാലകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും നറുക്കെടുപ്പ് വഴി ഓരോ വിൽപ്പനശാലയിൽ നിന്നും തിരഞ്ഞെടുക്കുന്ന ഉപഭോക്താവിന് 1,200 രൂപ വിലമതിക്കുന്ന ഗൃഹോപകരണം സമ്മാനമായി നൽകുമെന്നും സപ്‌ളൈകോ അറിയിച്ചു.
Post Your Comments