പാര്‍വതീസമേതനായ ശിവഭഗവാന്റെ ദിവസമാണ് തിങ്കളാഴ്ച. അന്നേദിവസം ഒരിക്കലോടെ തിങ്കളാഴ്ചവ്രതം അനുഷ്ഠിക്കുന്നത് അത്യുത്തമമാണ്. സോമവാര വ്രതം എന്നും അറിയപ്പെടുന്ന ഈ വ്രതം അനുഷ്ഠിക്കുന്നത് ഉത്തമ മംഗല്യഭാഗ്യത്തിന് മാത്രമല്ല, ഭദ്രമായ കുടുംബജീവിതത്തിനും വൈധവ്യദോഷ നിവാരണത്തിനും ചന്ദ്രദോഷശമനത്തിനും മോക്ഷത്തിനും ദാമ്പത്യപ്രശ്നപരിഹാരത്തിനും കുടുംബ ഉന്നതിയുണ്ടാകാനുമെല്ലാം ഉത്തമമത്രേ. സോമവാരവ്രതാനുഷ്ഠാനം ശിവകുടുംബപ്രീതിക്ക് കാരണമാകും എന്നതും പ്രത്യേകതയാണ്.
ഭഗവാന്റെ അര്‍ദ്ധപകുതി ശ്രീപാര്‍വ്വതീദേവിയായതിനാല്‍ തിങ്കളാഴ്ച ദിവസം ശിവപാര്‍വ്വതീ മന്ത്രങ്ങള്‍ ചേര്‍ത്ത് വേണം ശിവനെ ഭജിക്കാന്‍. നമ:ശിവായ ശിവായ നമ: എന്ന മൂലമന്ത്രം നൂറ്റിയെട്ട് പ്രാവശ്യം ജപിക്കുന്നത് അതീവ ഫലദായകമാണ്. ശിവസഹസ്രനാമവും ലളിതാസഹസ്രനാമവും തുല്യപ്രാധാന്യം നല്‍കി ജപിക്കാവുന്നതാണ്. ഉമാമഹേശ്വരസ്‌തോത്രവും ജപിക്കണം . കൂടാതെ ശിവക്ഷേത്രത്തില്‍ പാര്‍വതീദേവിയെ ധ്യാനിച്ച് തുമ്പപ്പൂക്കളും (വെളുത്തപുഷ്പങ്ങള്‍) ശ്രീ പരമേശ്വരനെ ധ്യാനിച്ച് കൂവളത്തിലയും നടയ്ക്കല്‍ സമര്‍പ്പിക്കുന്നതും അത്യുത്തമം. അന്നേദിവസം കഴിയാവുന്നത്ര തവണ ;ഓം നമഃശിവായ എന്ന പഞ്ചാക്ഷരീമന്ത്രത്തോടൊപ്പം ശ്രീ പാര്‍വതീദേവിയുടെ മൂലമന്ത്രമായ ഓം ഹ്രീം ഉമായൈ നമ :’ജപിക്കുന്നതും നന്ന്. തിങ്കളാഴ്ച ദിനം മുഴുവന്‍ ശിവപാര്‍വതീ സ്മരണയില്‍ കഴിച്ചുകൂട്ടുന്നത് ശ്രേഷ്ഠം.
മാസത്തില്‍ ഒരു തിങ്കളാഴ്ച എന്നക്രമത്തിലോ കഴിയാവുന്ന തിങ്കളാഴ്ച എന്ന രീതിയിലോ വ്രതം അനുഷ്ഠിക്കാവുന്നതാണ്. വ്രതദിനത്തിന്റെ തലേന്ന് അതായത് ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം മുതല്‍ മത്സ്യമാംസാദികള്‍ വെടിഞ്ഞു വ്രതം ആരംഭിക്കണം. ഞായറാഴ്ച രാത്രിയില്‍ അരിയാഹാരം ഒഴിവാക്കുന്നതും നന്ന്, ഗോതമ്പ് കൊണ്ടുള്ള ഭക്ഷണമോ പഴങ്ങളോ കഴിക്കാവുന്നതാണ്. തിങ്കളാഴ്ച ദിനത്തില്‍ സൂര്യോദയത്തിനുമുന്നെ കുളിച്ചു ശരീരശുദ്ധി വരുത്തി ഉമാസമേതനായ ഭഗവാനെ ഭക്തിയോടെ ഭജിക്കണം. നെറ്റിയില്‍ ഭസ്മവും കുങ്കുമവും ചേര്‍ത്ത് തൊടുന്നത് ശിവശക്തീ പ്രീതികരമാണ്. തുടര്‍ന്ന് ശിവക്ഷേത്ര ദര്‍ശനം നടത്തി പിന്‍വിളക്ക്, കൂവളമാല എന്നിവ സമര്‍പ്പിക്കുന്നതും നന്ന്. ഒരിക്കലൂണാണ് അഭികാമ്യം. രാവിലെയും വൈകിട്ടും പഴങ്ങള്‍ കഴിച്ചുകൊണ്ട് ഉച്ചക്ക് ക്ഷേത്രത്തിലെ നേദ്യചോറ് കഴിച്ചു വ്രതം അനുഷ്ഠിക്കുന്നവരുമുണ്ട്. പിറ്റേന്ന് കുളിച്ചു ക്ഷേത്രത്തിലെ തീര്‍ഥമോ തുളസിവെള്ളമോ സേവിച്ചു വ്രതം അവസാനിപ്പിക്കാം.
വ്രതദിവസം ശിവപുരാണവും ദേവിമാഹാത്മ്യവും പാരായണം ചെയ്യുന്നത് ഉചിതമാണ്. സന്ധ്യയ്ക്ക് നൂറ്റെട്ട് തവണ ഓം നമഃശിവായ ജപിക്കുന്നത് ശ്രേഷ്ഠമാണ്. എല്ലാ വ്രതത്തിനും ഭക്തിയോടൊപ്പം പ്രാധാന്യം ദാനത്തിനുമുണ്ട് എന്ന് മനസിലാക്കുക.
വഴിപാടുകള്‍
ഉമാമഹേശ്വര പൂജ, സ്വയംവരപുഷ്പാഞ്ജലി എന്നിവ സമര്‍പ്പിക്കുന്നത് വിവാഹ തടസ്സം നീങ്ങാന്‍ ഉത്തമമാണ്. ജലധാര സമര്‍പ്പണം നന്ന് .
വിശേഷ വ്രതാനുഷ്ഠാന ദിനങ്ങള്‍
തിങ്കളാഴ്ചയും രോഹിണിയും ചേര്‍ന്ന് വരുന്ന ദിനം ദിവസം സ്വയംവരപുഷ്പാഞ്ജലി നടത്തിയാല്‍ പെട്ടെന്നു ആഗ്രഹസിദ്ധി ലഭിക്കുമെന്നാണ് വിശ്വാസം.
കറുത്തവാവും തിങ്കളാഴ്ചയുമായിവരുന്ന ദിനം അമോസോമവാരം എന്ന് പറയുന്നു, ഇതും വിശേഷദിനമായി പറപ്പെടുന്നു.
മേടം, ഇടവം, ചിങ്ങം, വൃശ്ചികം എന്നീ മാസങ്ങളിലെ തിങ്കളാഴ്ചകളില്‍ വ്രതാനുഷ്ഠാനം ഏറെ ഗുണകരമാണ്.
Post Your Comments