ബാര്‍ബഡോസില്‍ നടന്ന വിന്‍ഡീസ് രണ്ടാം ഏകദിനത്തില്‍ ഇംഗ്ലണ്ടിനെ 26 റണ്‍സിന് പരാജയപ്പെടുത്തി വെസ്റ്റിന്‍ഡീസിന് തകര്‍പ്പന്‍ ജയം. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ വിന്‍ഡീസ് 1-1ന്റെ സമനില നേടി. ജയത്തോടെ, തുടര്‍ച്ചയായ പത്ത് ഏകദിന മത്സരങ്ങളില്‍ തോല്‍വി ഏറ്റുവാങ്ങിയ വിന്‍ഡീസ് വിജയ വഴിയില്‍ തിരച്ചെത്തി.ആദ്യ മത്സരത്തില്‍ 361 റണ്‍സ് പിന്തുടര്ന്ന് വിജയം കുറിച്ച ഇംഗ്ലണ്ടിന് പക്ഷേ രണ്ടാം തവണ കണക്കുകൂട്ടലുകള്‍ പിഴക്കുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ഷെല്‍ഡന്‍ കോട്ട്രെല്‍ ആണ് ഇംഗ്ലീഷ് ബാറ്റിംഗ് നിരയുടെ നട്ടെല്ലൊടിച്ചത്. നായകന് ഹോള്‍ഡര്‍ മൂന്നും ഒഷേന്‍ തോമസ്, കാര്‍ലോസ് ബ്രാത്വെയ്റ്റ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
സെഞ്ച്വറിയുമായി ബാറ്റിംഗ് വിസ്മയം തീര്‍ത്ത ഷിംറന് ഹെറ്റ്മെയറിന്റെ (83 പന്തില്‍ 104) മികവില്‍ 289 റണ്‍സെടുത്ത വെസ്റ്റിന്‍ഡീസിനെതിരെ, മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 47.4 ഓവറില്‍ 263 റണ്‍സെടുക്കുന്നതിനിടെ എല്ലാവരെയും നഷ്ടമാവുകയായിരുന്നു. അര്‍ധ സെഞ്ച്വറിയുമായി ക്രിസ്ഗെയില്‍ (50) ഹെറ്റ്മെയറിന് പിന്തുണ കൊടുത്തു. ഇംഗ്ലണ്ടിനായി മാര്‍ക്ക് വുഡ്, ലിയാം പ്ലാങ്കറ്റ് ബെന്‍ സ്റ്റോക്സ്, ആദില്‍ റാഷിദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.ഇംഗ്ലണ്ടിനായി നായകന് ഇയോന്‍ മോര്‍ഗനും (70) ബെന്‍ സ്റ്റോക്കും (79) മികച്ച കൂട്ടുകെട്ടുയര്‍ത്തി മത്സരം വരുതിയിലാക്കിയെങ്കിലും, തുടര്‍ന്നെത്തിയവര്‍ക്ക് കാര്യമായൊന്നും സ്കോര്‍ബോര്‍ഡില്‍ നല്കാന് കഴിയാതിരുന്നപ്പോള്‍, 26 റണ്‍സകലെ ഇംഗ്ലണ്ട് അടിയറവ് പറയുകയായിരുന്നു. മൂന്നാം ഏകദിനം തിങ്കളാഴ്ച്ച നടക്കും.
Post Your Comments