കൊച്ചി: ഹൈക്കോടതി ഉത്തരവ് നിലനില്‍ക്കെ കാസര്‍കോട് ഇരട്ടക്കൊലപാതകത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിന് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇന്ന് ഹൈക്കോടതിയില്‍ ഹാജരാകും. ഡീനിന് പുറമെ യുഡിഎഫ് കാസര്‍കോട് ജില്ലാ ചെയര്‍മാന്‍ എം സി കമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ എന്നിവരും ഇന്ന് ഹാജരാകും. മുന്‍കൂര്‍ നോട്ടീസ് നല്‍കാതെ കോടതി ഉത്തരവ് ലംഘിച്ച് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനാണ് നേതാക്കളോട് നേരിട്ട് ഹാജരാകാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടത്.
ഹര്‍ത്താലില്‍ ഉണ്ടായ നാശനഷ്ടങ്ങളുടെ കണക്കും ദൃശ്യങ്ങളും ഹാജരാക്കാന്‍ സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ജനുവരി മൂന്നാം തീയതി നടന്ന ഹര്‍ത്താലിന് ശേഷം സംസ്ഥാനത്ത് മിന്നല്‍ ഹര്‍ത്താലുകള്‍ നിരോധിച്ചുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഹര്‍ത്താലോ മിന്നല്‍ പണിമുടക്കോ പ്രഖ്യാപിക്കുമ്പോള്‍ ഏഴ് ദിവസത്തെ മുന്‍കൂര്‍ നോട്ടീസെങ്കിലും വേണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പെരിയയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഒറ്റ രാത്രി കൊണ്ടാണ് ഫേസ്ബുക്കിലൂടെ യൂത്ത് കോണ്‍ഗ്രസ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.
Post Your Comments