KeralaLatest News

പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കിലും ജീവന്‍ എടുക്കരുതെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട പ്രവര്‍ത്തകന്‍

തിരുവനന്തപുരം: കൊലപാതക രാഷ്ട്രീയത്തില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കേരളം. കഴിഞ്ഞ ദിവസം കാസര്‍ഗോഡ് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ക്രൂരമായി കൊല്ലപ്പെട്ട വാര്‍ത്ത ഒരു ഞെട്ടലോടെയാണ് കേരള ജനത കേട്ടത്. എന്നാല്‍ കൊലപാതകങ്ങളെ രാഷ്ടീയമായി മുതലെടുക്കാനാണ് ചിലരുടെ ശ്രമം. സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തെ നിശിതമായി വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വന്തം പാര്‍ട്ടിയിലെ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ക്കും ഒന്ന് കാതു കൊടുക്കേണ്ടതാണ്. ഇപ്പോഴിതാ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു പ്രവര്‍ത്തകന്റെ കത്താണ് പ്രചരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെയാണ് ജിയാസ് ജമാല്‍ എന്നയാള്‍ ഈ കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കിലും തന്റെ ജീവന്‍ എടുക്കരുതെന്ന് ഇവരോട് പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് അപേക്ഷിക്കുന്നുവെന്ന് ഇയാള്‍ പോസ്റ്റില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കോണ്‍ഗ്രസ്സ് നേതാക്കള്‍ വായിച്ചറിയുവാന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട ഒരു പ്രവര്‍ത്തകന്റെ കത്ത്..

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മാസം എന്റെ സുഹൃത്തിന്റെ കല്യാണ ചടങ്ങിനിടെ കോണ്‍ഗ്രസ് നേതാവ് ജമാല്‍ മണക്കാടന്റെ ഭാര്യ റുഖിയ ജമാല്‍ എന്ന സ്ത്രീയുടെ നേതൃത്വത്തില്‍ എന്നെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം നിങ്ങള്‍ അറിഞ്ഞതാണല്ലോ.അവര്‍ക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയിലുള്ള സ്വാധീനം ഉപയോഗിച്ച് ,എന്റെ ഭാഗം കേള്‍ക്കാതെ കോണ്‍ഗ്രസ് നേതൃത്വം എന്നെ സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു.എന്നെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളടക്കം എറണാകുളം ഡിസിസി പ്രസിഡന്റ് വിനോദിന് പരാതി നല്‍കിയിട്ടും കണ്ട ഭാവം നടിച്ചില്ല.എന്നെയും എന്റെ ഭാര്യയെയും മര്‍ദ്ദിച്ചതിന് 2 കേസുകള്‍ നിലവിലുണ്ട്.

ഞാന്‍ കൊടുത്ത പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത അന്ന് മുതല്‍ ഇന്നുവരെ കേസ് പിന്‍വലിപ്പിക്കാന്‍ അവര്‍ പല തരത്തില്‍ എന്നെ ഭീഷണിപ്പെടുത്തുന്നുണ്ട്.
ജമാല്‍ മണക്കാടന്‍ പറയുന്ന രീതിയില്‍ പ്രവര്‍ത്തിക്കുകയും അയാള്‍ക്കും ഭാര്യക്കുമെതിരെ കൊടുത്ത കേസുകള്‍ പിന്‍വലിച്ചാല്‍ പാര്‍ട്ടിയില്‍ തിരിച്ചെടുക്കാമെന്നാണ് ഡിസിസി പ്രസിഡന്റിന്റെ നിലപാട്.ഇതിനെതിരെ നാല് മാസം മുമ്പ് കെപിസിസി പ്രസിഡന്റിന് ഞാന്‍ പരാതി നല്‍കുകയും അദ്ദേഹം നടപടിയെടുക്കുവാന്‍ ഡിസിസിയോട് നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു . ജമാല്‍ മണക്കാടനും ഭാര്യക്കുമെതിരെയുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാതിരുന്നതിനാല്‍ ഡിസിസി നേതൃത്വം എന്നോട് പ്രതികാരം വീട്ടുകയാണ്..

എന്നെ ആക്രമിച്ച റുഖിയയുടെ സഹോദരന്‍ സിദ്ധിക്ക് എന്നെ നിരവധി തവണ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഞാന്‍ ജോലിക്ക് പോകുമ്പോള്‍ വാഹനമിടിപ്പിച്ച് എന്നെ അപായപ്പെടുത്താന്‍ നിരവധി തവണ ശ്രമമുണ്ടായി. എനിക്കുമുണ്ട് കുടുംബവും കുട്ടിയും. ഒന്ന് രണ്ട് വട്ടം വീട്ടില്‍ വന്ന് ആക്രമിക്കാന്‍ ശ്രമമുണ്ടായത് കൊണ്ട് ഇപ്പോള്‍ വീട്ടില്‍ സിസിടിവി സ്ഥാപിച്ചിരിക്കുകയാണ്. എനിക്ക് സ്വസ്ഥമായി ജീവിക്കണം..പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്ലെങ്കിലും എന്റെ ജീവന്‍ എടുക്കരുതെന്ന് ഇവരോട് പറയാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാവണമെന്ന് അപേക്ഷിക്കുന്നു.

ജിയാസ് ജമാല്‍

https://www.facebook.com/jiyazjamalhere/posts/10215299492578421

shortlink

Related Articles

Post Your Comments

Related Articles


Back to top button