Kerala

തളിപ്പറമ്പിൽ റബർ അധിഷ്ഠിത വ്യവസായം തുടങ്ങുമെന്ന് മന്ത്രി ഇ.പി ജയരാജൻ

റബർ കൃഷിക്കാരെ സംരക്ഷിക്കാൻ തളിപ്പറമ്പ് മണ്ഡലത്തിൽ റബർ അധിഷ്ഠിത വ്യവസായം തുടങ്ങുമെന്ന് വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കണ്ണൂർ ടൗൺ സ്‌ക്വയറിൽ സംസ്ഥാന സർക്കാറിന്റെ ആയിരം ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. കണ്ണൂർ, കാസർകോട് ജില്ലകളിലെ കൃഷിക്കാരിൽനിന്ന് റബർ വിപണിവിലയേക്കാൾ കൂടുതൽ പണം നൽകി വാങ്ങുമെന്ന് മന്ത്രി അറിയിച്ചു. ഈ റബർ ഉപയോഗിച്ച് ആശുപത്രികളിലും മറ്റും ഉപയോഗിക്കുന്ന പ്രത്യേക ഉപകരണങ്ങൾ ഉണ്ടാക്കും. അഞ്ഞൂറോളം പേർക്ക് ജോലി നൽകാൻ കഴിയും. അതിന്റെ തറക്കല്ലിടൽ പ്രവൃത്തി അടുത്ത ദിവസം തന്നെ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്ത് പ്രവർത്തിക്കുന്ന ഇ-വാഹനങ്ങൾ നിർമ്മിക്കുന്ന ഒരു യൂനിറ്റ് മട്ടന്നൂരിലെ കിൻഫ്ര പാർക്കിൽ ആരംഭിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. അതിന്റെ തറക്കല്ലിടൽ ഉടൻ ഉണ്ടാവും. വലുതും ചെറുതുമായ എല്ലാ വിധ വാഹനങ്ങളും ഉണ്ടാക്കുന്ന സ്ഥാപനമാവും മട്ടന്നൂരിൽ ആരംഭിക്കുക. 6700 ഏക്കർ ഭൂമി മട്ടന്നൂരിലും പരിസരത്തും കണ്ടെത്തി പുതിയ സംരംഭങ്ങൾ ആരംഭിക്കും. ഇതിനായി 15600 കോടി രൂപ കിഫ്ബിയിൽനിന്ന് അനുവദിച്ചിട്ടുണ്ട്. ചില വിദേശ കമ്പനികൾ തന്നെ അവിടേക്കാണ് വരാൻ പോവുന്നതെന്നും മന്ത്രി പറഞ്ഞു.

45000 ക്ലാസ് മുറികളാണ് സംസ്ഥാനത്ത് ഹൈടെക് ആക്കിയിരിക്കുന്നത്. നേരത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലേക്ക് പോയവർ ഇന്ന് സർക്കാർ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുന്ന കാഴ്ചയാണ് നാം കാണുന്നത്. വിദ്യാഭ്യാസ രംഗം ഇനിയും ഒരുപാട് വികസിക്കേണ്ടതുണ്ട്. ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ സർക്കാറിന് കഴിഞ്ഞു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറുമ്പോൾ താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും വലിയ രീതിയിലുള്ള വികസനങ്ങളാണ് നടക്കുന്നത്. ഓരോ വർഷം തികയുമ്പോഴും സർക്കാർ പ്രോഗ്രസ് കാർഡുകൾ ജനങ്ങളുടെ മുന്നിലെത്തിക്കുന്നുണ്ട്. മൂന്നാം വർഷത്തെ പ്രോഗ്രസ് കാർഡ് ലോകസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ ജനങ്ങളുടെ മുന്നിലെത്തിക്കും.

കേരളത്തിൽ തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാൻ മൂന്ന് വർഷത്തിനുള്ളിൽ 36000 ചെറുകിട ഇടത്തരം വ്യവസായങ്ങൾ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചു. 1.24 ലക്ഷം പേർക്ക് തൊഴിൽ ലഭ്യമാക്കി. ഒന്നേകാൽ ലക്ഷം ആളുകൾക്ക് സർവീസിൽ നിയമനം നൽകി. ഐ ടി മേഖലയിൽ ഉയർത്തെഴുന്നേൽപ്പാണ് ഇപ്പോൾ നടക്കുന്നത്. ഒരു ലക്ഷം പേർക്ക് ഐ ടി രംഗത്ത് തൊഴിൽ നൽകി. ഒരു ലക്ഷം പേർക്ക് കൂടി തൊഴിൽ നൽകാൻ സാധിക്കത്തക്ക നിലയിലുള്ള പ്രവർത്തനമാണ് ഈ മേഖലയിൽ നടക്കുന്നത്.

25000 സ്ത്രീകൾക്ക് തൊഴിൽ നൽകാനാവശ്യമായ നടപടികൾ സ്വീകരിക്കും. കൂടുതൽ പണം നൽകി കുടംബശ്രീയുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തും. തൊഴിലുറപ്പ് പദ്ധതി കൂടുതൽ വ്യാപിപ്പിക്കും. അന്താരാഷ്ട്ര ടൂറിസ ഭൂപടത്തിൽ കേരളത്തിന്റെ സ്ഥാനം ഉയർന്നുവരികയാണ്. അന്താരാഷ്ട്ര കമ്പനികളടക്കം നിരവധി കമ്പനികളാണ് വ്യവസായം ആരംഭിക്കാൻ താൽപര്യമറിയിച്ച് ഇന്ന് കേരളത്തിലെത്തുന്നത്. വ്യവസായ രംഗത്ത് വലിയ വളർച്ചയാണ് കേരളം നേടിയിരിക്കുന്നത്. പ്രളയത്തിൽ തകർന്ന 20000 കിലോമീറ്റർ റോഡ് റബർ അധിഷ്ഠിത പ്രോജക്ട് തയ്യാറാക്കിയാണ് മെക്കാഡം ടാറിംഗ് ചെയ്യുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ റോഡ് പ്രവൃത്തികൾക്ക് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ സ്വീകരിച്ചുവരികയാണ്.

പി കെ ശ്രീമതി ടീച്ചർ എം പി അധ്യക്ഷത വഹിച്ചു. നടക്കില്ലെന്ന് പറഞ്ഞ് എഴുതി തള്ളിയ പല പദ്ധതികളും നടപ്പിലാക്കാൻ ഈ സർക്കാറിനായെന്ന് എം.പി പറഞ്ഞു. രാജ്യത്തിനകത്തും പുറത്തും ശ്രദ്ധിക്കപ്പെടുന്ന സർക്കാരാണ് കേരളത്തിലേത്. അഭൂതപൂർവ്വമായ മാറ്റങ്ങൾ സംസ്ഥാനത്ത് ഉണ്ടാക്കാൻ സർക്കാറിനായി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ എല്ലാം നടപ്പിലാക്കി. ഇനി നവ കേരളം കെട്ടിപ്പടുക്കലാണ് സർക്കാർ പദ്ധതി. അതിനായി എല്ലാ വിഭാഗം ജനങ്ങളും സർക്കാറിന് പിന്തുണ നൽകണമെന്നും അവർ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button