പാട്‌ന: ആജീവനാന്തം താമസിക്കാന്‍ സര്‍ക്കാന്‍ അനുവദിച്ച ബംഗ്ലാവുകളില്‍ നിന്ന് ഒഴിയാന്‍ ബീഹാറിലെ മുന്‍ മുഖ്യമന്ത്രിമാരോട് പാട്‌ന ഹൈക്കോടതി നിര്‍ദേശിച്ചു. മുന്‍ മുഖ്യമന്ത്രി എന്ന പദവി അംഗീകരിച്ചാണ് ജീവിതകാലം മുഴുവന്‍ താമസിക്കാന്‍ ബംഗ്ലാവുകള്‍ അനുവദിച്ചത്. എന്നാല്‍, പൊതുഖജനാവില്‍ നിന്നുള്ള പണം ഉപയോഗിച്ച് ഈ ആനുകൂല്യം നല്‍കാനിവില്ലെന്ന് ചീഫ് ജസ്റ്റിസ് ജസ്റ്റിസ് എ.പി. സാഹി, ജസ്റ്റിസ് അന്‍ജനാ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചു.
സതീശ് പ്രതാപ് സിങ് (1968ല്‍ മൂന്നു ദിവസം), ഡോ. ജഗന്നാഥ് മിശ്ര (1975-77, 80,83, 89, 90), ജിതന്‍ റാം മാഞ്ചി (2014-15ല്‍ ഒന്‍പതു മാസം), ലാലു പ്രസാദ് യാദവ്, റാബ്രി ദേവി (1990-2005) എന്നിവര്‍ക്കാണ് സര്‍ക്കാര്‍ ബംഗ്ലാവുകള്‍ അനുവദിച്ചിരുന്നത്. മുഖ്യമന്ത്രി എന്ന പദവി നഷ്ടപ്പെട്ടാല്‍ സ്വന്തം വീടുകളില്‍ ഇവര്‍ക്ക് താമസിച്ചു കൂടേ? സ്വകാര്യ വീട്ടിലും പോലീസ് സംരക്ഷണം നല്‍കുന്നുണ്ടല്ലേ? കോടതി ചോദിച്ചു. സുപ്രീംകോടതി വിധി അനുസരിച്ച് ഉത്തര്‍പ്രദേശിലെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വീടുകള്‍ ഒഴിയേണ്ടി വന്നത് കോടതി ഓര്‍മിപ്പിച്ചു.
കഴിഞ്ഞ മാസമാണ് ഇക്കാര്യത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തത്. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ആരാഞ്ഞ കോടതി ഈ മാസം പതിനൊന്നിനു കേസ് വീണ്ടും പരിഗണിച്ചു. അന്തിമ വിധിയാണ് ഇന്നലെ വന്നത്.പാട്‌നയിലെ സര്‍ക്കുലര്‍ റോഡിലെ പത്താം നമ്പര്‍ വീട്ടിലാണ് ലാലുവും റാബ്രിയും കുടുംബാംഗങ്ങളും ഇപ്പോള്‍ താമസിക്കുന്നത്. പുതിയ ഉത്തരവോടെ മുന്‍ മുഖ്യമന്ത്രിമാരെല്ലാം സര്‍ക്കാര്‍ വീടുകളില്‍ നിന്നു മാറേണ്ടി വരും.
Post Your Comments