![](/wp-content/uploads/2019/01/vote-1.jpg)
2019ലെ ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിപാറ്റ്, ഇ വി എം മെഷീനുകളുടെ പ്രവർത്തനം സമ്മതിദായകർക്ക് പരിചയപ്പെടുത്തുന്നതിനായി നടത്തിയ ബോധവൽക്കരണ പരിപാടിയിൽ വൻ ജനപങ്കാളിത്തം. ഗവ. ടൗൺ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്ന പരിപാടിയിൽ കന്നിവോട്ടറായ വിനീത വിനോദും കോർപ്പറേഷൻ കൗൺസിലറായ ഒ രാധയും ഉൾപ്പെടെ വോട്ടിംഗ് മെഷീൻ പരിചയപ്പെടാനെത്തി. കന്നിവോട്ടർമാരും പ്രായമായവരുമാണ് കൂടുതലായി എത്തിയത്. കണ്ണൂർ നിയോജക മണ്ഡലത്തിൽ 78 മുതൽ 90 വരെയുള്ള ബൂത്തുകളിലാണ് ശനിയാഴ്ച വോട്ടിംഗ് മെഷീൻ പരിചയപ്പെടുത്തിയത്. ഏത് സ്ഥാനാർത്ഥിക്കാണ് നമ്മൾ വോട്ട് ചെയ്തിരിക്കുന്നത് എന്ന് സമ്മതിദായകന് ഇനി മുതൽ പോളിംഗ് സ്റ്റേഷനുകളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കും.
വോട്ട് ചെയ്ത് കഴിഞ്ഞാൽ വിവിപാറ്റ് മെഷീനിൽ വോട്ട് ചെയ്ത സ്ഥാനാർത്ഥിയുടെ സീരിയൽ നമ്പറും ചിഹ്നവും ഏഴ് സെക്കന്റോളം വിവിപാറ്റ് മെഷീനിൽ തെളിഞ്ഞ് നിൽക്കും. കൂടാതെ ഇത് മെഷീനിൽ തന്നെ സൂക്ഷിക്കപ്പെടുകയും ചെയ്യും. നാം ഉദ്ദേശിച്ച സ്ഥാനാർത്ഥിക്ക് തന്നെയാണോ വോട്ട് രേഖപ്പെടുത്തിയത് എന്ന സമ്മതിദായകന്റെ സംശയം ഇല്ലാതാക്കാനും വോട്ടെണ്ണൽ സമയത്തുണ്ടാകുന്ന തർക്കങ്ങൾ പരിഹരിക്കാനും വിവിപാറ്റ് മെഷീനിലൂടെ സാധിക്കും. വോട്ട് ചെയ്തതിന് ശേഷം സൂക്ഷിക്കപ്പെടുന്ന സ്ലിപ്പിൽ തങ്ങളുടെ പേര് ഉണ്ടാകുമോ, സ്ലിപ്പ് കൈയ്യിൽ കിട്ടുമോ, എപ്പോഴൊക്കെയാണ് സ്ലിപ്പുകൾ എണ്ണുക തുടങ്ങി നിരവധി സംശയങ്ങളാണ് ബോധവൽക്കരണ പരിപാടിയിലുയർന്നത്. തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ തീരുമാന പ്രകാരമായിരിക്കും വിവിപാറ്റ് മെഷീനിലെ വോട്ടുകൾ പരിശോധിക്കുകയെന്ന് അധികൃതർ അറിയിച്ചു.
Post Your Comments