KeralaLatest News

നൂറിലേക്ക് വിളിക്കേണ്ട; ഇനി പോലീസ് കണ്‍ടോള്‍ റൂം നമ്പര്‍ 112

തിരുവനന്തപുരം: പോലീസിന്റെ അടിയന്തര സേവനങ്ങള്‍ ലഭിക്കാന്‍ ഇനി 100 എന്ന നമ്പറിലേക്ക് വിളിച്ചിട്ട് കാര്യമില്ല. പോലീസ് കണ്‍ട്രോള്‍ റൂമിന്റെ പുതിയ നമ്പര്‍ 112 ആയി മാറി. രാജ്യം മുഴുവന്‍ ഒറ്റ കണ്‍ട്രോള്‍ റൂം നമ്പറിലേക്ക് മാറുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതി. പോലീസ്, ഫയര്‍ഫോഴ്സ്, ആംബുലന്‍സ് എന്നീ സേവനങ്ങള്‍ക്കെല്ലാം ഇനി 112 ലേക്ക് വിളിച്ചാല്‍ മതി.

100ല്‍ വിളിക്കുമ്പോള്‍ ഓരോ ജില്ലകളിലേയും കണ്‍ട്രോള്‍ റൂമിലേക്കാണ് വിളിപോകുന്നത്. ഈ മാസം 19മുതല്‍ ഇനി എവിടെ നിന്ന് 112 ലേക്ക് വിളിച്ചാലും പോലീസ് ആസ്ഥാനത്തെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാവും വിളിയെത്തുക. ഒരേ സമയം 50 കോളുകള്‍ വരെ സ്വീകരിക്കാനുള്ള സംവിധാനവും പോലീസുകാരും ഇവിടെയുണ്ടാകും. വിവരങ്ങള്‍ ശേഖരിച്ച് ഞൊടിയില്‍ സേവനമെത്തേണ്ട സ്ഥലത്തിന് സമീപമുള്ള പോലീസ് വാഹനത്തിലേക്ക് സന്ദേശം കൈമാറും.

ജിപിഎസ് സഹായത്തോടെ ഓരോ പോലീസ് വാഹനവും എവിടെയുണ്ടെന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നും മനസിലാക്കാന്‍ സാധിക്കും. ആ വാഹനത്തില്‍ ഘടിപ്പിച്ച ടാബിലേക്ക് സന്ദേശമെത്തും. ഇതനുസരിച്ച് പോലീസുകാര്‍ക്ക് പ്രവര്‍ത്തിക്കാം. ജില്ലാ കണ്‍ട്രോള്‍ റൂമികളിലേക്കും സമാനമായി സന്ദേശമെത്തും. ഇനി റെയ്ഞ്ചില്ലാത്ത സ്ഥലത്താണെങ്കില്‍ വയര്‍ലസ് വഴി സന്ദേശം നല്‍കാനാകും.

750 കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ പുതിയ സംവിധാനത്തിനായി സജ്ഞമാക്കിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ കണ്‍ട്രോള്‍ റൂം ഇപ്പോള്‍ പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാരില്‍ ഫണ്ടുപയോഗിച്ചുള്ള കേന്ദ്രീകൃത കണ്‍ട്രോള്‍ റൂം സംവിധാനം സിഡാക്കാണ് സ്ഥാപിച്ചത്. എട്ടരക്കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്.

shortlink

Post Your Comments


Back to top button