ഇടുക്കി: ജനവാസ കേന്ദ്രത്തിൽ ഭീതി വിതിച്ച ഒറ്റയാനെ മയക്കു വെടിവച്ച് പിടികൂടി. മറയൂര്‍ തമിഴ്നാട് അതിർത്തി ഗ്രാമമായ കൃഷ്ണാപുരത്ത് നാടിനെ വിറപ്പിച്ച ചിന്ന തമ്പിയെന്ന ഒറ്റയാനെയാണ് വനംവകുപ്പ് പിടികൂടിയത്. രണ്ടാഴ്ചയായുളള ശ്രമങ്ങൾക്കൊടുവിലാണ് ഒറ്റയാനെ മയക്കു വെടിവച്ച് തളച്ചത്.
മൂന്നാഴ്ച മുന്‍പ് കോയമ്പത്തൂര്‍ കണുവായ് പ്രദേശത്തിറങ്ങിയ ഒറ്റയാൻ ചിന്ന തമ്പിയെ വനപാലകർ പിടികൂടി ടോപ്സ്ലിപ്പ് വനത്തില്‍ എത്തിച്ചിരുന്നു. അവിടുന്ന് ഒറ്റരാത്രി കൊണ്ട് 100 കിലോമീറ്ററിലധികം സഞ്ചരിച്ച് ആന കൃഷ്ണാപുരത്തെത്തുകയായിരുന്നു.
ഇവിടെയും വ്യാപക കൃഷി നാശം തുടർന്നതോടെ കുങ്കിയാനകളുടെ സഹായത്തോടെ ഒറ്റയാനെ പിടികൂടാൻ വനംവകുപ്പ് ശ്രമിച്ചു. അതിനിടെ ഒരു പൊതുപ്രവർത്തകൻ ആനയെ പിടികൂടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചതും തടസമായി. ഒടുവിൽ കോടതി വിധി അനുകൂലമായതോടെ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു നടപടികൾ. ചിന്നത്തമ്പിയെ മണിക്കൂറുകളോളം പിന്തുടർന്ന് നാലുതവണ മയക്കു വെടിവെച്ചാണ് കീഴടക്കിയത്.
Post Your Comments