‘ഇവിടെ നല്ല തണുപ്പാണമ്മേ….’ പുതിയ ജോലിസ്ഥലമായ കശ്മീരിലെ വിശേഷങ്ങളുമായി, കൊല്ലപ്പെടുന്നതിന് 2 മണിക്കൂര്‍ മുന്‍പും വസന്തകുമാര്‍ വീട്ടിലേക്കു വിളിച്ചു. ജോലിത്തിരക്കില്‍ നിന്നു സമയം കണ്ടെത്തി ദിവസവും ഭാര്യ ഷീനയെയും അമ്മ ശാന്തയെയും വസന്തകുമാര്‍ വിളിക്കുമായിരുന്നു.
ജമ്മു- ശ്രീനഗര്‍ ഹൈവേയിലൂടെയാണു യാത്രയെന്നും പുതിയ സ്ഥലത്തെ ഡ്യൂട്ടിക്കായാണു പോകുന്നുവെന്നും വസന്തകുമാര്‍ ഫോണില്‍ പറഞ്ഞു. മണിക്കൂറുകള്‍ക്കുള്ളില്‍ അവന്തിപ്പുരയില്‍ സ്‌ഫോടനമുണ്ടായി. വസന്തകുമാറും സഞ്ചരിച്ചിരുന്ന ബസിലേക്കാണ് സ്‌ഫോടക വസ്തു നിറച്ച വാഹനം ഇടിച്ചുകയറ്റിയത്. ചാനലുകളില്‍ വാര്‍ത്ത പരന്നെങ്കിലും വീട്ടുകാര്‍ ഒന്നും അറിഞ്ഞിരുന്നില്ല. മറ്റൊരു വാഹനത്തിലുണ്ടായിരുന്ന വസന്തകുമാറിന്റെ സുഹൃത്തായ ജവാനാണ് ഭാര്യാസഹോദരനെ ആദ്യം വിവരമറിയിച്ചത്. ഔദ്യോഗിക സ്ഥിരീകരണം ലഭിക്കാത്തതിനാല്‍ മറ്റു കുടുംബാംഗങ്ങളോടു പറഞ്ഞില്ല. ഒടുവില്‍, വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെ ന്യൂഡല്‍ഹിയിലെ സിആര്‍പിഎഫ് ആസ്ഥാനത്തു നിന്ന് മരണവിവരം അറിയിച്ചുകൊണ്ടുള്ള വിളിയെത്തി.
പ്രീഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയായതിന് ശേഷം 2001 ലാണ് വസന്ത് കുമാര്‍ സി ആര്‍ പിഎഫില്‍ ചേര്‍ന്നത്. പഞ്ചാബില്‍ നിന്നും ഈ മാസം രണ്ടാം തിയതി നാട്ടില്‍ എത്തിയ വസന്ത് കുമാര്‍ എട്ടിന് കശ്മീരിലേക്ക് മടങ്ങിയത്. ഹവില്‍ദാറായി സ്ഥാനക്കയറ്റം ലഭിച്ച ശേഷം ആദ്യം ഏറ്റെടുത്ത ജോലിക്കിടയിലാണ് ഭീകരാക്രമണം.
വസന്തകുമാറിന്റെ മൃതദേഹം 11 മണിയോടെ കരിപ്പൂരിലെത്തിക്കും. മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ജില്ലാ കളക്ടറടങ്ങുന്ന സംഘം ഏറ്റുവാങ്ങും. തുടര്‍ന്ന് ലക്കിടി എല്‍പി സ്‌കൂളില്‍ ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെക്കും. തൃക്കേപ്പറ്റ വാഴക്കണ്ടിയിലെ കുടുംബ ശ്മശാനത്തില്‍ ഔദ്യോഗിക, സൈനികബഹുമതികളോടെയാണ് സംസ്‌കാരം. സി.ആര്‍.പി.എഫ്. 82-ാം ബെറ്റാലിയന്‍ അംഗമാണ് വസന്തകുമാര്‍.
Post Your Comments