കല്‍പ്പറ്റ: പുല്‍വാമയിലുണ്ടായ ഭീകരാക്രമണം വസന്തകുമാറിന്റെ ജീവനെടുത്തപ്പോള്‍ തകര്‍ന്നു വീണത് ഒരു കുടുംബത്തിന്റെ മുഴുവന്‍ സ്വപ്‌നങ്ങളും പ്രതീക്ഷകളുമായിരുന്നു. അകലങ്ങളിലില്‍ ഇരുന്ന് വസന്തകുമാര്‍ അടുക്കടുക്കായി കെട്ടിപ്പൊക്കിയ സ്വപ്‌നങ്ങളാണ് വൈത്തിരി പൂക്കോട് വാഴക്കണ്ടി വീട്ടില്‍ നിറയെ. അടുത്ത അവധിക്ക് വരുമ്പോള്‍ പൂര്‍ത്തിയാക്കാനായി പകുതി കെട്ടിനിര്‍ത്തിയ കോണിപ്പടി, പെയിന്റിങ് കൂടി തീര്‍ക്കേണ്ട അടുക്കള, അവധിക്കാലത്ത് മാത്രം വീട്ടിലെത്തുന്ന ഉടമസ്ഥനുവേണ്ടി തുടച്ചുമിനുക്കി വീട്ടിനുള്ളിലെടുത്തുവെച്ചിരിക്കുന്ന ബൈക്ക്… അങ്ങനെ പലതും ആ വീട്ടിലുണ്ട്.
‘പുല്‍വാമയിലെത്തി. ട്രെയിനിങ് സെന്ററിലേക്ക് പോവുകയാണ്. നല്ല മഞ്ഞാ, ഒന്നും കാണുന്നില്ല, ഫോണും കട്ടായിപ്പോകുന്നു, സെന്ററിലെത്തി സൗകര്യമായിട്ട് വിളിക്കാം…” -വസന്തകുമാര്‍ ഭാര്യ ഷീനയോട് അവസാനമായി പറഞ്ഞ വാക്കുകളിണിത്. വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് ഷീനയെ ഫോണില്‍ വിളിച്ചത്. സ്ഥാനക്കയറ്റം നേടിയതിന്റെ ആഹ്ലാദത്തിലായിരുന്നു വസന്തകുമാര്‍. പക്ഷെ തന്റെ പ്രിയതമയ്ക്ക് നല്‍കി വാക്ക് പാലിക്കാന്‍ അദ്ദേഹത്തിനായില്ല.
രണ്ടുവര്‍ഷംകൂടി കഴിഞ്ഞാല്‍ വസന്തകുമാറിന് സര്‍വീസില്‍ നിന്നു പിരിഞ്ഞുപോരാമായിരുന്നു. അതിനുമുമ്പായി വീടിന്റെ നവീകരണം പൂര്‍ത്തിയാക്കാനും അദ്ദേഹത്തിന് ഉദ്ദേശ്യമുണ്ടായിരുന്നതായി അടുത്തബന്ധുക്കള്‍ പറയുന്നു. ജോലി കിട്ടിയശേഷം പണിതീര്‍ത്ത വീട്ടിലാണ് കുടുംബം താമസിക്കുന്നത്. മാസങ്ങള്‍ക്കുമുമ്പ് അവധിക്കെത്തിയപ്പോള്‍ അടുക്കളയും ഊണ്‍മുറിയും മുകള്‍നില പണിയണമെന്ന ഉദ്ദേശ്യത്തോടെ കോണിപ്പടിയും കെട്ടി. രണ്ടാഴ്ചമുമ്പ് വന്നപ്പോള്‍ ടൈലിട്ടു. ചുമരെല്ലാം ചെത്തിത്തേച്ചിട്ടു. പെയിന്റിങ് പണി കൂടിയേ വീടിന് ബാക്കിയുണ്ടായിരുന്നുള്ളു.
പഞ്ചാബില്‍ ജോലിചെയ്തിരുന്ന വസന്തകുമാര്‍ ഈ മാസം രണ്ടുമുതല്‍ എട്ടുവരെ നാട്ടിലുണ്ടായിരുന്നു. ഹവില്‍ദാറായി സ്ഥാനക്കയറ്റം കിട്ടിയതിന്റെ പരിശീലനത്തിനായാണ് കശ്മീരിലെ പുല്‍വാമയിലേക്ക് തിരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ ശ്രീനഗറില്‍നിന്ന് മരണവാര്‍ത്തയറിയിച്ചുകൊണ്ട് ഔദ്യോഗിക സ്ഥിരീകരണവുമായി ഫോണ്‍വിളിയെത്തി. തുടര്‍ന്ന് ബന്ധുക്കള്‍ മരണവാര്‍ത്ത സ്ഥിരീകരിച്ചു. വസന്തന്റെ അമ്മ ശാന്തയും ഭാര്യ ഷീനയും മക്കളുമാണ് വീട്ടില്‍ താമസം. അച്ഛന്‍ വാസുദേവന്‍ എട്ടുമാസംമുമ്പാണ് മരിച്ചത്.
Post Your Comments