ശ്രീനഗർ : പുൽവാമയിലെ ഭീകരാക്രമണത്തിൽ ഉപയോഗിച്ചത് ആർ.ഡി.എക്സ് എന്ന് റിപ്പോർട്ട്. ഏകദേശം 80 കിലോ ആർ.ഡി.എക്സാണ് ഉപയോഗിച്ചതെന്ന് അന്വേഷണ ഏജൻസികൾ വ്യക്തമാക്കി. ആർ.ഡി.എക്സ് ഉപയോഗിച്ചാൽ മാത്രമേ ബസ് ഇങ്ങനെ തകരുകയുള്ളൂവെന്നാണ് കണ്ടെത്തൽ. ഏഴു പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.കഴിഞ്ഞ ഫെബ്രുവരി 4 നും വലിയ വാഹന വ്യൂഹം ശ്രീനഗറിലേക്ക് യാത്ര ചെയ്തിരുന്നു. 91 വാഹങ്ങളായിരുന്നു അന്ന് ഈ വഴിയിലൂടെ പോയത്.2871 സൈനികരും വാഹനങ്ങളിൽ ഉണ്ടായിരുന്നു.
ഒരു പ്രതിഷേധം പോലും വഴിയിൽ ഉണ്ടായിരുന്നില്ലെന്ന് സി.ആർ.പി.എഫ് ഉദ്യോഗസ്ഥൻ വ്യക്തമാക്കുന്നു.ഇന്നലെ 78 വാഹനങ്ങളാണ് യാത്ര ചെയ്തത്. ഇതിൽ 12 എണ്ണം ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളായിരുന്നു. സിവിലിയൻ വാഹനങ്ങൾ ബ്ലോക്ക് ചെയ്യാതെ യാത്ര ചെയ്തതാണ് ഭീകരാക്രമണത്തിന് കാരണമായത്.സിവിലിയൻ വാഹനങ്ങൾ ബ്ലോക്ക് ചെയ്യുമ്പോൾ വലിയ പ്രതിഷേധം ഉടലെടുക്കാറുണ്ട്. തങ്ങൾ ആശുപത്രിയിൽ പോവുകയാണ് എന്നൊക്കെ പറഞ്ഞാണ് പ്രതിഷേധങ്ങൾ ഉയരുക. ഇതിനെ തുടർന്നാണ് സിവിലിയൻ വാഹനങ്ങൾ ബ്ലോക്ക് ചെയ്യാതിരുന്നത്. ഇതാണ് ഭീകരർ മുതലെടുത്തത്.
ഇനി മുതൽ സൈനിക വാഹനങ്ങൾ പോകുമ്പോൾ സിവിലിയൻ വാഹനങ്ങൾ ബ്ലോക്ക് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.ലിങ്ക് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിയ കാർ ആണ് സ്ഫോടക വസ്തു വഹിച്ചിരുന്നത്. ഇത് സൈനിക വാഹനങ്ങൾക്ക് സമാന്തരമായി സഞ്ചരിച്ചതിനു ശേഷമാണ് പെട്ടെന്ന് ഇടിച്ചു കയറ്റിയത്.റോഡ് ഓപ്പണിംഗ് പാർട്ടിയിലെ സബ് ഇൻസ്പെക്ടർ മോഹൻലാലും വീരമൃത്യു വരിച്ചവരിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മഞ്ഞുവീഴ്ച്ച കാരണം പാത അടഞ്ഞു കിടന്നിരുന്നു. ഇത് സൈനിക നീക്കത്തിനു തടസ്സമായി. തടസ്സങ്ങൾ മാറിയപ്പോൾ പുറപ്പെട്ട വാഹന വ്യൂഹത്തിനു നേരേയാണ് ആക്രമണമുണ്ടായത്.
ജെയ്ഷ് ഇ മൊഹമ്മദ് ഭീകരനും പാക് സ്വദേശിയുമായ കമ്രാനാണ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ എന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇയാൾ തെക്കൻ കശ്മീരിലെ ഭീകര പ്രവർത്തനത്തിന്റെ പ്രധാന കണ്ണിയാണ്.വീരമൃത്യു വരിച്ചവരിൽ ഉത്തർപ്രദേശിൽ നിന്നുള്ള സൈനികരാണ് എറ്റവും കൂടുതൽ 12 പേർ. രാജസ്ഥാനിൽ നിന്ന് അഞ്ച് പേരും പഞ്ചാബിൽ നിന്ന് നാലു പേരുമുണ്ട്. ബംഗാൾ . ഒഡിഷ , മഹാരാഷ്ട്ര , ഉത്തർഖണ്ഡ് , തമിഴ്നാട്,ബിഹാർ എന്നീ സംസ്ഥാനങ്ങളിൽ നിന്ന് രണ്ടുപേർ വീതവും അസം , കേരളം , കർണാടകം , ജാർഖണ്ഡ് , മദ്ധ്യപ്രദേശ് , ഹിമാചൽ , ജമ്മുകശ്മീർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തരും വീരമൃത്യു വരിച്ചു.
Post Your Comments