മലപ്പുറം: സൈബര്‍ ഹവാല തട്ടിപ്പുകേസില്‍ നൈജീരിയ സ്വദേശിയെ മഞ്ചേരി പോലീസ് ഡല്‍ഹിയില്‍ അറസ്റ്റുചെയ്തു. നൈജീരിയ ഒഗൂണ്‍ സ്വദേശി ഒച്ചുബ കിങ്സ്ലി ഉഗോണ്ണ (കിങ്സ്റ്റണ്‍ ഡുബെ-35) യെ ആണ് കക്രോലയില്‍നിന്ന് സൈബര്‍ഫോറന്‍സിക് സംഘം അറസ്റ്റ് ചെയ്തത്. വ്യാജ വെബ്സൈറ്റ് നിര്‍മിച്ചും ഹാക്കിങ് നടത്തിയും മറ്റും സാമ്പത്തികത്തട്ടിപ്പുനടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. തട്ടിപ്പു നടത്തുന്നവരും അതുവഴി അക്കൗണ്ടുകളിലെത്തുന്ന പണം കൈക്കലാക്കുന്നവരും തമ്മിലുള്ള ഏകോപനം നടത്തിയിരുന്നത് ഒച്ചുബ കിങ്സ്ലിയാണ്.
വിദേശ കറന്‍സി സമ്മാനമടിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് എസ്.എം.എസ്. അയയ്ക്കുകയും സെക്യുരിറ്റി ഇന്‍ഷൂറന്‍സ് ആവശ്യങ്ങള്‍ക്കെന്നപേരില്‍ പല അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിക്കുകയും ചെയ്തതായും ഇയാള്‍ക്കെതിരെ കേസുണ്ട്. രാജ്യത്തിന് അകത്തുംപുറത്തും ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈനില്‍ പരസ്യം ചെയ്തും ആളുകളെ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. വിദേശികളായ സ്ത്രീകളുടെയും പുരുഷന്മാരുടെയും പേരില്‍ വ്യാജ ഫെയ്സ്ബുക്ക് പ്രൊഫൈലുകള്‍ സൃഷ്ടിച്ച് സൗഹൃദവും പ്രണയവും സ്ഥാപിച്ചെടത്ത് പണം തട്ടുന്നതാണ് മറ്റൊരു രീതി. ഐപാഡ്, ലാപ്ടോപ്, പ്രോട്ടീന്പൊടി, ഡയമണ്ഡ് ആഭരണങ്ങള്‍ തുടങ്ങി സാധനങ്ങള്‍ കുറഞ്ഞവിലയ്ക്ക് നല്കാമെന്നുപറഞ്ഞും ഇയാള്‍ തട്ടിപ്പുനടത്തിയിട്ടുണ്ട്.
ഇയാളുടെ പക്കല്‍ നിന്നും മൊബൈല്‍ഫോണുകള്‍,സിംകാര്‍ഡുകള്‍, റൂട്ടറുകള്‍, ലാപ്ടോപ്പുകള് തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് ഒച്ചുബ കിങ്സ്ലി വഴി നടത്തിയിട്ടുണ്ട് എന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
Post Your Comments