ഗണപതിയെ വന്ദിക്കുമ്പോൾ മാത്രം ചെയ്യുന്ന അനുഷ്ഠാനമാണ് ഏത്തമിടീൽ. തടസ്സങ്ങള്‍ എല്ലാം നീക്കി കാര്യങ്ങള്‍ ശുഭകരമാക്കുന്ന ദേവനാണ് ഗണപതി. എന്നാല്‍ മറ്റു ദേവീദേവന്മാർക്ക് ഏത്തമിടീൽ പാടില്ല എന്നാണ് വിശ്വാസം. കാരണം ഗണേശപ്രീതിക്ക് മാത്രമായുളള കര്‍മ്മമാണിതെന്നു പറയപ്പെടുന്നു. ഗണപതി ഭഗവാനെ സന്തോഷിപ്പിച്ച് വിഘ്നങ്ങള്‍ നീക്കാനുള്ള ഉത്തമ മാർഗ്ഗമായാണ് ഭക്തർ ഏത്തമിടലിനെ കരുതുന്നത്. അതിനൊരു രീതി തന്നെ പിന്തുടരുന്നുണ്ട്. ഇടതുകാൽ ഭൂമിയിൽ ഉറപ്പിച്ച് വലതുകാല്‍ ഇടതുകാലിന്റെ മുന്നിലൂടെ കൊണ്ടുവന്ന് ഇടതുവശത്ത് പെരുവിരല്‍ മാത്രം നിലത്തൂന്നി നില്‍ക്കണം. ശേഷം ഇടതുകൈ വലത്തെ ചെവിയിലും വലതുകൈ ഇടതുകൈയുടെ മുന്നിലൂടെ കൊണ്ടുവന്ന് ഇടത്തെ ചെവിയിലും തൊട്ട് ശരീരത്തിന്റെ നടുഭാഗം വളച്ചു കുനിഞ്ഞും നിവർന്നുമാണ് ഏത്തമിടുക.
ഗണപതിക്കു മുന്നിൽ ഏത്തമിടുന്നതിനു പിന്നിലെ ഐതിഹ്യം ചുവടെ
ഒരിക്കൽ ശിവകുടുംബത്തിലെ എല്ലാവരും മഹാവിഷ്ണുവിന്റെ ക്ഷണത്തെ തുടര്‍ന്ന് വൈകുണ്ഠത്തിലെത്തി. ടെവീടെവന്മാര്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ വൈകുണ്ഠത്തിലൂടെ ചുറ്റി സഞ്ചരിച്ച ഗണപതി ഭഗവാന്‍ വിഷ്ണുവിന്റെ സുദർശനചക്രം കാണാനിടയായി. എന്തു കണ്ടാലും വായിലിടുന്ന ഉണ്ണിഗണപതി ചക്രായുധവും വായിലാക്കി. വിഴുങ്ങാൻ ബുദ്ധിമുട്ടു തോന്നിയതുകൊണ്ട് വായില്‍ത്തന്നെ വച്ചു കളിച്ചുകൊണ്ടിരുന്നു. ചക്രായുധം തിരഞ്ഞ വിഷ്ണു കണ്ടത് വായില്‍ ചക്രായുധത്തെ ഒളിപ്പിച്ച ഗണപതിയെയാണ്. ഭയപ്പെടുത്തിയാല്‍ പേടിച്ചു വിഴുങ്ങിയാലോ എന്നു കരുതി ചിരിപ്പിക്കാന്‍ ഭഗവാന്‍ ഗണപതിയുടെ മുന്നില്‍നിന്ന് ഏത്തമിട്ടുകാണിച്ചു. വിഷ്ണു ഏത്തമിടുന്നതു കണ്ടപ്പോള്‍ ഗണപതി കുടുകുടെ ചിരിച്ചു. ആ സമയത്തു ചക്രായുധം നിലത്തു വീണു ആപത്ത് ഒഴിഞ്ഞു.
ശാസ്ത്രീയമായി ഏത്തമിടൽ ബുദ്ധിയുണര്‍ത്തുന്ന ഒരു വ്യായാമമാണ്. ഈ വ്യായാമ മുറയിലൂടെ തലച്ചോറിലേക്കുള്ള രക്തപ്രവാഹം വർധിച്ച് ബുദ്ധിക്കുണർവുണ്ടാകുന്നു. കുറഞ്ഞത് മൂന്ന് തവണയെങ്കിലും ഏത്തമിടണം. അഞ്ച്, ഏഴ്, പന്ത്രണ്ട് എന്നിങ്ങനെ ഏത്തമിടലിന്റെ സംഖ്യ വര്‍ധിപ്പിക്കാവുന്നതാണ്. പന്ത്രണ്ടു തവണ ഏത്തമിടുന്നതാണ് ഉത്തമം.
Post Your Comments