തലശ്ശേരി: റോഡപകടത്തിനെതിരേ ബോധവത്കരണസന്ദേശം പ്രചരിപ്പിക്കാന്‍ സൈക്കിളില്‍ യാത്രചെയ്ത് പോലീസ് ഉദ്യോഗസ്ഥന്‍. കുണ്ടറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ എ.ഷാജഹാനാണ് വേറിട്ടൊരു സന്ദേശയാത്രയുമായി സൈക്കിള്‍ യാത്ര നടത്തുന്നത്. കുണ്ടറ സ്റ്റേഷനില്‍നിന്ന് കഴിഞ്ഞ 10-ന് തുടങ്ങിയ യാത്ര തലശ്ശേരിയിലെത്തി.
ഇദ്ദേഹത്തിന് മാഹി, ന്യൂമാഹി, തലശ്ശേരി ട്രാഫിക്ക് യൂണിറ്റ്, തലശ്ശേരി, ധര്‍മടം, എടക്കാട് പോലീസ് സ്റ്റേഷനുകളില്‍ സ്വീകരണം നല്‍കി. സൈക്കിളിന്റെ മുന്നിലും പിന്നിലും ബോര്‍ഡുകളില്‍ ബോധവത്കരണസന്ദേശങ്ങള്‍ തൂക്കിയിട്ടുണ്ട്. ദിവസേന 40 കി. മീറ്റര്‍ സൈക്കിളില്‍ യാത്രചെയ്താണ് ബോധവത്കരണസന്ദേശം പ്രചരിപ്പിക്കുന്നത്. നിരവധി ജീവനുകള്‍ റോഡില്‍ പൊലിയുന്നത് സാമൂഹികവിപത്താണെന്നും കുടുംബത്തില്‍നിന്ന് ബോധവത്കരണം തുടങ്ങണമെന്നും ഷാജഹാന്‍ പറഞ്ഞു. വാഹനപരിശോധനയ്ക്കിടെ കാണാറുള്ള നിയമ ലംഘനമാണ് ഇത്തരമൊരു യാത്രയ്ക്ക് ഷാജഹാനെ പ്രേരിപ്പിച്ചത്.
മൂന്നുവര്‍ഷമായി വീട്ടില്‍നിന്ന് 20 കി.മീറ്റര്‍ അകലെയുള്ള സ്റ്റേഷനിലേക്കെത്തുന്നതും മടങ്ങുന്നതും സൈക്കിളിലാണ്. ഈ യാത്രയാണ് ജീവന്‍രക്ഷായാത്രയില്‍ തളര്‍ച്ചയില്ലാതെ ഷാജഹാന് കരുത്തായത്. 14 ദിവസം കൊണ്ട് 14 ജില്ലകളിലൂടെ 1645 കി.മീറ്റര്‍ സഞ്ചരിക്കുന്നതിനാണ് ലക്ഷ്യമിട്ടത്. അത് ഏതാണ്ട് പൂര്‍ത്തിയാക്കാനായതിന്റെ സന്തോഷത്തിലാണ് ഷാജഹാന്‍. യാത്ര ശനിയാഴ്ച കാസര്‍കോട്ടെത്തും.
Post Your Comments