Latest NewsKeralaIndia

ബാലികയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി ബാഗിലാക്കി ഉപേക്ഷിച്ച ഭിക്ഷാടന സംഘം പിടിയിൽ

ഉറങ്ങുകയായിരുന്ന ബാലികയെ സുരേഷും, സുഹൃത്തും ചേര്‍ന്ന് എടുത്തുകൊണ്ടുപോയി പുതുപരിയാരത്തെ എഫ്സിഐ ഗോഡൌണിലേക്കുള്ള റെയില്‍വേ ട്രാക്കിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു.

പാലക്കാട്: കഴിഞ്ഞ മാസം പതിനഞ്ചാം തീയതി ഒലവക്കോട് ജങ‌്ഷന്‍ റയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ബാലികയെ കൊലചെയ്ത് ബാഗിലാക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ അഞ്ചംഗ ഭിക്ഷാടന സംഘമെന്ന് കണ്ടെത്തി . സംഘത്തിലെ രണ്ടു പേരെ പാലക്കാട് ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തിരുപ്പൂരില്‍ നിന്നും കസ്റ്റഡിയിലെടുത്തു.തമിഴ്നാട് തിരുവള്ളുവര്‍ പടിയനല്ലൂര്‍ സ്വദേശി സുരേഷ് (37), തഞ്ചാവൂര്‍ പട്ടുകോട്ടൈ മല്ലിപട്ടണം സ്വദേശിനി ഫെമിന പിച്ചൈക്കനി (21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

2019 ജനുവരി ആദ്യവാരം രണ്ട് പുരുഷന്‍മാരും, മൂന്ന് സ്ത്രീകളുമടങ്ങുന്ന ഭിക്ഷാടന സംഘം തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് 4 വയസ്സുകാരി ബാലികയെ തട്ടിക്കൊണ്ടു പാലക്കാട് എത്തിയത്. ശേഷം ഒരാഴ്ചയോളം സംഘം ഒലവക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരങ്ങളില്‍ ഭിക്ഷാടനം നടത്തി വന്നു. ഇവര്‍ താണാവ് മേല്‍പ്പാലത്തിനടിയിലാണ് കഴിഞ്ഞിരുന്നത്.ജനുവരി പന്ത്രണ്ടാം തിയ്യതി രാത്രി ഉറങ്ങുകയായിരുന്ന ബാലികയെ സുരേഷും, സുഹൃത്തും ചേര്‍ന്ന് എടുത്തുകൊണ്ടുപോയി പുതുപരിയാരത്തെ എഫ്സിഐ ഗോഡൌണിലേക്കുള്ള റെയില്‍വേ ട്രാക്കിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചു.

നിലവിളിച്ച കുട്ടിയുടെ വായ പൊത്തിപ്പിടിച്ചതില്‍ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ശേഷം മരണം ഉറപ്പുവരുത്താന്‍ ബാലികയുടെ പാന്റ് അഴിച്ച്‌ കഴുത്തില്‍ മുറുക്കുകയായിരുന്നു. ശബ്ദം കേട്ട് ഉണര്‍ന്ന മറ്റുള്ളവരും ചേര്‍ന്ന് മൃതദേഹം ബാഗിലാക്കിയ ശേഷം അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കിനരുകില്‍ ഉപേക്ഷിച്ചു.പിറ്റേന്ന് രാവിലെ അഞ്ചംഗ സംഘം രണ്ടായി പിരിഞ്ഞ് മുങ്ങുകയായിരുന്നു. മൂന്നു ദിവസം കഴിഞ്ഞാണ് മൃതദേഹം ജനശ്രദ്ധയില്‍പ്പെട്ടത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞ ശേഷം വിവിധ സംഘമായി പിരിഞ്ഞ അന്വേഷണ സംഘം കേരളം, തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച്‌ കാണാതായ കുട്ടികളുടെ വിവരങ്ങള്‍ ശേഖരിച്ചു.

കൂടാതെ കേരളത്തിലെ 150 ഓളം അംഗണ്‍വാടി ജീവനക്കാരെ കണ്ട് വിവരങ്ങള്‍ ശേഖരിക്കുകയും ചെയ്തു.തുടര്‍ന്ന് റെയില്‍വേ ജീവനക്കാര്‍ , പ്ലാറ്റ്ഫോം തൊഴിലാളികള്‍, കച്ചവടക്കാര്‍, ട്രാന്‍സ്ജെന്‍ഡേഴ്സ് തുടങ്ങി അഞ്ഞൂറോളം പേരെ ചോദ്യം ചെയ്തു. കോയമ്ബത്തൂര്‍, മംഗലാപുരം, ചെന്നൈ, സേലം, കോഴിക്കോട് , എറണാകുളം, തിരുപ്പൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ തിരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള മുസ്ലീം പള്ളിക്കു സമീപത്തു നിന്നുമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.സുരേഷ് നിരവധി ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ്.

കൊലപാതക ശ്രമക്കേസ്സില്‍ തിരുപ്പൂര്‍ പോലീസ് അറസ്റ്റു ചെയ്ത് മൂന്നു മാസത്തെ ജയില്‍വാസത്തിനു ശേഷം പുറത്തിറങ്ങിയതായിരുന്നു. കൊല്ലപ്പെട്ട ബാലികയെ ഇതുവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. തമിഴ്നാട്ടിലെ കുളിത്തലൈ എന്ന സ്ഥലത്തു നിന്നുമാണ് ഭിക്ഷാടന സംഘം കുട്ടിയെ തട്ടിക്കൊണ്ടു വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button