ജമ്മുകശ്മീര്‍ : പുല്‍വാമയിലെ അവന്തിപ്പുരയില്‍ 44 സൈനികരുടെ വീരമൃത്യുവിലേക്കു നയിച്ച ഭീകരാക്രമണത്തെപ്പറ്റിയുള്ള വിവരങ്ങള്‍ നേരത്തേത്തന്നെ ജയ്‌ഷെ മുഹമ്മദ് പുറത്തുവിട്ടിരുന്നതായാണു സൂചന.. ഫെബ്രുവരി 14നു വൈകിട്ടാണ് പുല്‍വാമയില്‍ ആക്രമണം നടന്നത്. ഇതിനും രണ്ടു ദിവസം മുന്‍പ് ജയ്‌ഷെ മുഹമ്മദ് സമൂഹമാധ്യമങ്ങളിലൂടെ ഒരു വിഡിയോ പ്രചരിപ്പിച്ചിരുന്നു. അഫ്ഗാനിസ്ഥാനില്‍ കാര്‍ ബോംബ് ഉപയോഗിച്ച് സ്‌ഫോടനം നടത്തുന്നതായിരുന്നു അത്. സമാനമായ വിധത്തില്‍ കശ്മീരിലും സ്‌ഫോടനം നടത്തുമെന്നു വിഡിയോയില്‍ പറഞ്ഞിരുന്നതായി വിവിധ കേന്ദ്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കശ്മീര്‍ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗമാണ് വിഡിയോ ഇന്റലിജന്‍സിനു കൈമാറിയത്. കശ്മീല്‍ ആക്രമണം നടക്കാന്‍ സാധ്യതയുള്ളതിന്റെ മറ്റു വിവരങ്ങളും നല്‍കി. ആക്രമണത്തിന്റെ രീതി കൃത്യമായി പറഞ്ഞ് വിഡിയോ പുറത്തുവിട്ടിട്ടും തടയാന്‍ സഹായിക്കും വിധം വിവരശേഖരണം നടത്തിയില്ലെന്നാണ് ഇന്റലിജന്‍സിനെതിരെയുള്ള പരാതി.
ആക്രമണം നടന്നതിനു തൊട്ടുപിന്നാലെ ജയ്‌ഷെ മുഹമ്മദ് ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. പുല്‍വാമ കാക്കപോറ സ്വദേശി ആദില്‍ അഹമ്മദാണ് ആക്രമണം നടത്തിയതെന്നും സംഘടന വ്യക്തമാക്കി. ഇയാളുടെ പത്തു മിനിറ്റു ദൈര്‍ഘ്യമുള്ള വിഡിയോയും പുറത്തുവിട്ടു. കശ്മീരില്‍ കലാപത്തിനു പ്രേരിപ്പിക്കുന്നതാണ് വിഡിയോ. ഇന്ത്യയ്‌ക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നിറഞ്ഞ വിഡിയോയില്‍ ഇനിയും കൂടുതല്‍ ആക്രമണങ്ങളുണ്ടാകുമെന്ന സൂചനയുമുണ്ട്.
ഭീകരാക്രമണം പദ്ധതിയിട്ട ജയ്‌ഷെ മുഹമ്മദിന്റെ തലപ്പത്തുള്ളവര്‍ക്ക് ഐഎസ്‌ഐയുടെ സഹായവും ലഭിച്ചിട്ടുണ്ടാകുമെന്ന് മുന്‍ സിഐഎ അനലിസ്റ്റായ ബ്രൂസ് റീഡെല്‍ പറയുന്നു. പാക്കിസ്ഥാനില്‍ വേരുകളുള്ള ഭീകരസംഘടനയ്‌ക്കെതിരെ എന്തു നടപടിയെടുക്കുമെന്നത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും വലിയ വെല്ലുവിളിയാണ്. പ്രധാനമന്ത്രിയായതിനു ശേഷം ഇമ്രാന്‍ നേരിടുന്ന ഏറ്റവും ആദ്യത്തെ സുപ്രധാന വെല്ലുവിളിയാണിതെന്നും റീഡെല്‍ വ്യക്തമാക്കുന്നു. സര്‍ക്കാര്‍ ഇതിനെ എങ്ങനെ നേരിടുമെന്നു രാജ്യാന്തര തലത്തിലും ഉറ്റുനോക്കുകയാണ്.
Post Your Comments