KeralaNews

പ്രസിദ്ധമായ ശാര്‍ക്കര പൊങ്കാലയില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു

ചിറയിന്‍കീഴ്: പ്രസിദ്ധമായ ശാര്‍ക്കര പൊങ്കാലയ്ക്ക് പതിനായിരങ്ങള്‍ പങ്കെടുത്തു . ഓരോ വര്‍ഷവും പ്രാധാന്യം വര്‍ധിക്കുന്ന ശാര്‍ക്കര പൊങ്കാലയുടെ എണ്ണത്തില്‍ റെക്കോഡ് വര്‍ധനയാണ് ഇക്കുറിയുമുണ്ടായത്. ബുധനാഴ്ച രാവിലെ 9.45ന് തന്ത്രി തരണനല്ലൂര്‍ സജി ഗോവിന്ദന്‍നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി വര്‍ക്കല കാവേരി മഠം ജനാര്‍ദനന്‍ പോറ്റി പണ്ടാര അടുപ്പില്‍ അഗ്‌നി പകര്‍ന്നതോടെ പൊങ്കാല ചടങ്ങുകള്‍ക്ക് ആരംഭമായി. തുടര്‍ന്ന് ഭക്തരുടെ പൊങ്കാല അടുപ്പുകളിലേക്ക് തീ പകര്‍ന്നുനല്‍കി. 11.30-തോടെ പൊങ്കാല നിവേദിക്കല്‍ ചടങ്ങ് കീഴ്ശാന്തിമാരുടെ നേതൃത്വത്തില്‍ നടന്നു

. ക്ഷേത്ര പറമ്പ് കൂടാതെ പണ്ടകശാല -ശാര്‍ക്കര റോഡ്, ശാര്‍ക്കര-വലിയകട റോഡ്, ആല്‍ത്തറമൂട്-പണ്ടകശാല റോഡ്, ക്ഷേത്രത്തിന് സമീപമുള്ള ഇടവഴികള്‍ എന്നിവിടങ്ങളിലും ഭക്തജനങ്ങള്‍ പൊങ്കാലയിട്ടു. ശാര്‍ക്കര പൊങ്കാലയ്ക്ക് വിവിധ വകുപ്പുകളുടെ സേവനം ലഭ്യമായി.ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിസരശുചീകരണവും ജല സ്രോതസ്സുകളുടെ ശുദ്ധീകരണവും പൊങ്കാലദിവസം മെഡിക്കല്‍ ക്യാമ്പും നടന്നു. പൊങ്കാലയ്ക്കുശേഷം തൊഴിലുറപ്പുതൊഴിലാളികള്‍ ക്ഷേത്രവും പരിസരവും വൃത്തിയാക്കി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ അന്നദാനവും കുടിവെള്ളവിതരണവും നടന്നു. ലോക റെക്കോഡ് പരിശോധിക്കുന്നതിനുള്ള യൂണിവേഴ്സല്‍ റെക്കോഡ് ഫോറം ഭാരവാഹികള്‍ പൊങ്കാലയ്‌ക്കെത്തിയിരുന്നു.

shortlink

Post Your Comments


Back to top button