സമരത്തില്‍ ഒത്തുതീര്‍പ്പ് : മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

കോട്ടയം : ജനറല്‍ സര്‍ജന്‍ മേധാവിയായ ഡോക്ടര്‍ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം നഴ്‌സുമാര്‍ മെഡിക്കല്‍ കോളേജില്‍ നടത്തി വന്നിരുന്ന സമരം താല്‍ക്കാലികമായി അവസാനിപ്പിച്ചു. നഴ്‌സുമാരുടെ പ്രതിനിധികളും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പിലുമായ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം. ആരോപണ വിധേയനായ ഡോക്ടറെ പുറത്താക്കിയില്ലെങ്കില്‍ നാളെയും സമരം തുടരുമെന്ന് നഴ്‌സുമാര്‍ അറിയിച്ചു. 500 ഓളം നഴ്‌സുമാരായിരുന്നു പണിമുടക്കിലേര്‍പ്പെട്ടത്. സമരം കാരണം പല ശസ്ത്രക്രിയകളും മുടങ്ങി. അത്യാഹിത വിഭാഗത്തില്‍ മാത്രമേ നഴ്‌സുമാര്‍ ജോലിയില്‍ പ്രവേശിച്ചുള്ളു.

ശസ്ത്രക്രിയ ടേബിളില്‍ ട്രേ വച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ നഴ്‌സിനെ മാനസികമായി പീഡിപ്പിച്ചത്. ഈ സമയത്ത് അവിടെയെത്തിയ ഡോക്ടര്‍ ആരാണ് ഇത് ചെയ്തതെന്ന് ചോദിച്ചു. ഹെഡ് നേഴ്‌സ് കാര്യം പറയുകയും അത് എടുക്കാന്‍ ശ്രമിക്കുകയും ചെയ്തു. എന്നാല്‍ രോഗിയുടെ ശരീരത്തിന് പുറത്താണ് നഴ്‌സ് ട്രേ വെച്ചതെന്നായിരുന്നു ഡോക്ടറുടെ ആരോപണം. തിരിച്ചു വന്ന നഴ്‌സ് സംഭവത്തില്‍ മാപ്പ് പറഞ്ഞ് ട്രേ എടുത്ത് മാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ ഡോക്ടര്‍ ഈ നീക്കത്തെ തടയുകയും നഴ്‌സിനെ ഒഴിഞ്ഞ് കിടന്ന ബെഡില്‍ കിടത്തുകയും ട്രേ എടുത്ത് അവരുടെ ശരീരത്തില്‍ വച്ചു. റൗണ്‍സ് കഴിയുന്നത് വരെ ഇത് തുടരുകയായിരുന്നുവെന്നും സമരം നടത്തുന്ന നഴ്‌സ്മാരില്‍ ഒരാള്‍ പറഞ്ഞു.

ഒന്നര മണിക്കൂറോളം ഈ വിധത്തില്‍ നഴ്‌സ് ബെഡില്‍ കിടന്നതായി മറ്റു നഴ്‌സുമാര്‍ ആരോപിക്കുന്നു. എന്നാല്‍ രോഗിക്ക് ബുദ്ധിമുട്ടാണ്ടുക്കുന്ന തരത്തില്‍ അശ്രദ്ധമായി പെരുമാറിയതിനാലാണ് ഇത്തരമൊരു നടപടിയെടുത്തതെന്ന് ഡോക്ടര്‍ പറയുന്നു.

Share
Leave a Comment