ദുബായ്: പ്രവാസികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും സംസ്ഥാനത്തിന്റെ വികസനപ്രവര്‍ത്തനത്തില്‍ പ്രവാസികളെ പങ്കെടുപ്പിക്കാനും ലക്ഷ്യമിടുന്ന ലോക കേരള സഭയുടെ ആദ്യ മേഖലാസമ്മേളനം വെള്ളിയാഴ്ച ദുബായില്‍ ആരംഭിക്കും. ശനിയാഴ്ച വൈകീട്ട് വരെ നീളുന്ന സമ്മേളനം പ്രവാസി വിഷയങ്ങളില്‍ ക്രിയാത്മകനിര്‍ദേശങ്ങള്‍ക്ക് രൂപംനല്‍കും. പ്രവാസികള്‍ക്ക് ആശ്വാസംപകരുന്ന ചിലപ്രഖ്യാപനങ്ങളും സമ്മേളനത്തിലുണ്ടാവുമെന്നാണ് സൂചന.
ലോക കേരള സഭയുടെ ഒന്നാം വര്‍ഷത്തില്‍ വിവിധ രാജ്യങ്ങളിലായി മേഖലാസമ്മേളനങ്ങള്‍ നടത്തണമെന്ന ആശയത്തിന്റെ ആദ്യപടിയാണ് ദുബായിലെ സമ്മേളനം. ദുബായ് ഇത്തിസലാത്ത് അക്കാദമിയാണ് വേദി. ലോക കേരള സഭയിലെ ജനപ്രതിനിധികളും മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളിലെ ലോക കേരള സഭാംഗങ്ങളും പ്രത്യേകം ക്ഷണിതാക്കളായ പൊതുപ്രവര്‍ത്തകരും ഉള്‍പ്പെടെ നാനൂറിലേറെ പേര്‍ സമ്മേളനത്തിനെത്തുന്നുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ട് ദിവസവും വിവിധ സെഷനുകളിലായി സമ്മേളനത്തില്‍ സംസാരിക്കും. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, സമ്മേളനത്തിന് നേതൃത്വം നല്‍കുന്ന നോര്‍ക്ക റൂട്സ് റെസിഡന്റ് വൈസ് ചെയര്‍മാന്‍ കെ.വരദരാജന്‍, സി.ഇ.ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ രണ്ട് ദിവസമായി സമ്മേളനത്തിന്റെ ഒരുക്കങ്ങളുമായി ഇവിടെയുണ്ട്. കേരളത്തിന് പുറത്ത് നടക്കുന്ന കേരള സഭയുടെ ആദ്യ സമ്മേളനമാണിത്. പ്രതിപക്ഷ നേതാവിന്റെ പ്രതിനിധിയായി മുന്‍ മന്ത്രി കെ.സി.ജോസഫ് എം.എല്‍.എ യും പങ്കെടുക്കുന്നുണ്ട്.
വൈകീട്ട് നാലിന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ അധ്യക്ഷതയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മേളനം ഔപചാരികമായി ഉദ്ഘാടനം ചെയ്യും. നോര്‍ക്ക വൈസ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഡോ.രവി പിള്ള, ഡോ. ആസാദ് മൂപ്പന്‍ എന്നിവരും പശ്ചിമേഷ്യയിലെ ആറ് രാജ്യങ്ങളെ പ്രതിനിധാനം ചെയ്ത് എട്ട് പേരും തുടര്‍ന്ന് സംസാരിക്കും വൈകീട്ട് ഏഴിന് പൊതുസമ്മേളനത്തില്‍ മുഖ്യമന്ത്രി പ്രവാസികളെ അഭിസംബോധന ചെയ്യും. പതിനയ്യായിരം പേര്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോക കേരള സഭാംഗം കൂടിയായ നടി ആശാ ശരതിന്റെ നേതൃത്വത്തില്‍ കേരളത്തെ കുറിച്ചുള്ള ദേവ ഭൂമിക എന്ന നൃത്തശില്‍പ്പം അരങ്ങേറും. ഗാനമേളയുമുണ്ട്.
Post Your Comments