കൊച്ചി: കേരളത്തില്‍ 22 ലക്ഷത്തോളം വീടുകളിലുള്ള യുപിഎസ് സംവിധാനം സൗരോര്‍ജ്ജ വൈദ്യതി ഉപയോഗത്തിലേക്ക് മാറ്റുന്നത് സൗരോര്‍ജ്ജ ഉല്‍പ്പാദനത്തിന് ഏറെ സാധ്യതകള്‍ സൃഷ്ടിക്കുമെന്ന് മേക്കര്‍ വില്ലേജ് സെലക്ഷന്‍ കമ്മറ്റി അംഗവും, അമൃത സെന്റര്‍ ഫോര്‍ നാനോ സയന്‍സസ് അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ. വിനോദ് ഗോപാല്‍. കേരളത്തിലെ പാരമ്പര്യേതര ഊര്‍ജമേഖലയിലെ സംരംഭകരുടെയും പ്രമോട്ടര്‍മാരുടെയും അസ്സോസിയേഷനായ ക്രീപ സംഘടിപ്പിച്ച മൂന്നാമത് ഗ്രീന്‍ പവ്വര്‍ എക്‌സ്‌പോയില്‍ റിന്യൂവബിള്‍ എനര്‍ജി മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജമന്ത്രാലയം, കേരള സര്‍ക്കാര്‍, അനെര്‍ട്ട്, ശുചിത്വമിഷന്‍ എന്നിവരുമായി ചേര്‍ന്നാണ് പ്രദര്‍ശനം.
സോളാര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ ചെലവിന്റെ 40 ശതമാനം മാത്രമാണ് സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നതിന് വേണ്ടി വരുന്നതെന്നും വിനോദ് ഗോപാല്‍ പറഞ്ഞു. യുപിഎസ് ഉള്ളതിനാല്‍ ആളുകള്‍ക്ക് അധികതുക ചെലാവേക്കേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് അനുയോജ്യമായ സാഹചര്യം ഒരുക്കേണ്ടത് അത്യാവശ്യമാണെന്ന് മേക്കര്‍ വില്ലേജിലെ സി ഇലക്ട്രിക് ഓട്ടോമോട്ടിവ് ഡ്രൈവ്‌സ് കോ-ഫൗണ്ടറും സിഇഒയുമായ ബവില്‍ വര്‍ഗീസ് അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ പ്രോത്സാഹനമാണ് ലഭിക്കുന്നത്. അതിനാല്‍ ഇതിന് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുന്നതിന് ഊന്നല്‍ നല്‍കേണ്ടതാണ്. നിലവില്‍ ചൈനയില്‍ നിന്നാണ് പ്രധാനമായും ഭാഗങ്ങളെല്ലാം ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ ഈ ഉല്‍പ്പന്നങ്ങളെല്ലാം നമ്മുടെ ഭൂപ്രകൃതിയ്ക്ക് ഇണങ്ങുന്നതല്ല. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വീകാര്യത കൂടുന്നുവെന്നും വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന് സൗരോര്‍ജ്ജസംവിധാനം ഉപയോഗപ്പെടുത്താവുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സര്‍ക്കാറിന്റെ മികച്ച പിന്തുണയുള്ളതിനാല്‍ ഇവിടെയുള്ള കമ്പനികള്‍ ചൈനീസ് കമ്പനികളുമായി മത്സരിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് മേക്കര്‍ വില്ലേജ് സിഒഒ രോഹന്‍ കലനി പറഞ്ഞു.
Post Your Comments