കോട്ടയം: രോഗിയുടെ കട്ടിലില്‍ ട്രേ വെച്ചതിന് നഴ്സിനെ ശിക്ഷിച്ച ഡോക്ടര്‍ക്ക് സ്ഥലംമാറ്റം. നഴ്സിനെ മാനസികമായി പീഡിപ്പിച്ചു എന്ന പരാതിയിലാണ് കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം മേധാവി ഡോ.ജോണ്‍ എസ്.കുര്യനെ സ്ഥലം മാറ്റിയത്. ആരോഗ്യമന്ത്രിയുടെ ഓഫീസാണ് വാര്‍ത്താക്കുറിപ്പില്‍ ഇക്കാര്യം അറിയിച്ചത്.
നഴ്സുമാര്‍ ഉപയോഗിക്കുന്ന ട്രേ ശസ്ത്രക്രിയക്ക് വിധേയനായ രോഗിയുടെ കാല്‍ച്ചുവട്ടില്‍ കണ്ടതിനെത്തുടര്‍ന്ന് അതിന് ഉത്തരവാദിയായ നഴ്സിനെ മറ്റൊരു കട്ടിലില്‍ ട്രേ കാലില്‍ വെച്ച് കിടത്തിയായിരുന്നു ഡോക്ടര്‍ ശിക്ഷ നടപ്പാക്കിയത്. റൗണ്ട്സ് കഴിയുന്നതു വരെ നഴ്സിനെ എഴുന്നേല്‍ക്കാന്‍ ഡോക്ടര്‍ സമ്മതിച്ചില്ല. രോഗിയുടെ അവസ്ഥ എന്താണെന്ന് തിരിച്ചറിയാനായിരുന്നു ശിക്ഷയെന്ന് ഡോക്ടര്‍ വിശദീകരിക്കുകയും ചെയ്തു. മൂന്നു കിലോ ഭാരമുള്ള ട്രേ രോഗിയുടെ ശരീരത്ത് വെച്ചുവെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. സംഭവത്തില്‍ ഖേദപ്രകടനം നടത്തിയതായും ഡോ. ജോണ്‍ പറഞ്ഞിരുന്നു.
എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാവിലെ മുതല്‍ ജീവനക്കാര്‍ സമരം ആരംഭിച്ചു. ആശുപത്രി അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തില്ലെന്ന് ജീവനക്കാര്‍ ആരോപിച്ചു. വിഷയം ശ്രദ്ധയില്‍പ്പെട്ടതോടെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അടിയന്തര അന്വേഷണത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഡോക്ടര്‍ക്കെതിരെ നടപടിയെടുത്തത്.
Post Your Comments