ന്യൂഡൽഹി: പാക്കിസ്ഥാന്‍ ചാരസംഘടന ഊട്ടി വളര്‍ത്തിയ ജെയ്‌ഷെ മുഹമ്മദിനെ ഇല്ലാതാക്കാനാനുള്ള പരിശ്രമത്തിലേക്ക് രാജ്യം കടുക്കുകയാണ്. ഇതിന്റെ ആദ്യപടിയായി പാക്കിസ്ഥാനെ അന്താരാഷ്ട്ര തലത്തില്‍ ഒറ്റപ്പെടുത്തി ലോക രാഷ്ട്രങ്ങളുടെ പരിപൂര്‍ണ പിന്തുണ ഉറപ്പിക്കല്‍ ആണ് ലക്‌ഷ്യം. ഭീകരതയുടെ ഇരയാണ് ഇന്ത്യയെന്ന കാര്യം ആവര്‍ത്തിച്ച് ഓര്‍മ്മപ്പെടുത്തി ലോകരാജ്യങ്ങളുടെ പിന്തുണ ആര്‍ജ്ജിക്കും. ഇപ്പോള്‍ തന്നെ ലോകരാജ്യങ്ങള്‍ ഈ വിഷയത്തില്‍ ഇന്ത്യയ്‌ക്കൊപ്പമാണ്.അമേരിക്കയും ഇസ്രയേലും അടങ്ങുന്ന സൈനിക ശക്തികള്‍ ഇന്ത്യക്കൊപ്പം എന്നു തന്നെ അറിയിച്ചിട്ടുണ്ട്.
റഷ്യയും ഭീകരതക്കെതിരായ പോരാട്ടത്തിന് പിന്തുണ അര്‍പ്പിച്ചു. നിലവില്‍ പാക്കിസ്ഥാന് പിന്തുണയുമായി രംഗത്തുള്ളത് ചൈന മാത്രമാണെങ്കിലും സംഭവത്തെ ചൈനയും അപലപിച്ചിട്ടുണ്ട്. മസൂദ് അസറിനെതിരെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തിന് ചൈന പിന്തുണച്ചിട്ടില്ല. ഇതിനെ സമ്മതിപ്പിക്കുകയാണ് ഇന്ത്യയുടെ ലക്‌ഷ്യം.ചൈനക്ക് മേല്‍ വാണിജ്യപരമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി വരുതിയില്‍ നിര്‍ത്താൻ ഇന്ത്യ ശ്രമിച്ചേക്കുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ഇന്ത്യക്ക് കൈമാറാന്‍ പാക്കിസ്ഥാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കുവാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്.ട്രംപ് അധികാരത്തില്‍ വന്നതിന് ശേഷം ഭീകരപ്രവര്‍ത്തനത്തെ അമര്‍ച്ച ചെയ്യാനായി പാക്കിസ്ഥാന് നല്‍കിവന്ന ധനസഹായം നിര്‍ത്തലാക്കിയിരുന്നു. സൈന്യത്തിന് ജാഗരൂകരായിരിക്കാനുള്ള നിര്‍ദ്ദേശവും ഉന്നത കേന്ദ്രങ്ങള്‍ നല്കി കഴിഞ്ഞു. വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പാക് ഹൈകമ്മീഷണര്‍ സൊഹൈല്‍ മഹമൂദിനെ കടുത്ത ഭാഷയില്‍ പ്രതിഷേധം അറിയിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന് നല്‍കിയ സൗഹൃദ രാഷ്ട്രപദവി ഇന്ത്യ പിന്‍വലിച്ചിരുന്നു.
പൊതുതെരഞ്ഞെടുപ്പിന് ആഴ്‌ച്ചകള്‍ മാത്രം ബാക്കിനില്‍ക്കേ മോദി സര്‍ക്കാരിന് കടുത്ത വെല്ലുവിളിയാണ് പുല്‍വാമ ആക്രമണം ഉയര്‍ത്തുന്നത്. എല്ലാ പാര്‍ട്ടികളുടേയും യോഗം ശനിയാഴ്‌ച്ച മോദി വിളിച്ചിട്ടുണ്ട്. ഏത് നടപടി സ്വീകരിക്കാനും സര്‍ക്കാരിനും സൈന്യത്തിനും രാഹുല്‍ ഗാന്ധിപിന്തുണ പ്രഖ്യാപിച്ചിരുന്നു. തിരിച്ചടിക്കാന്‍ സൈന്യത്തിന് പൂര്‍ണസ്വാതന്ത്ര്യം നല്‍കിയിട്ടുണ്ടെന്ന പ്രധാനമന്ത്രിയുടെ വാക്കുകള്‍ പുല്‍വാമയിലേറ്റ മുറിവ് ഇന്ത്യ മറക്കില്ലെന്ന സൂചനയാണ് നല്‍കുന്നത്. പാക് അധിനിവേശ കാശ്മീരിൽ കടന്നു കയറി തീവ്രവാദ കേന്ദ്രങ്ങൾ തകർക്കാനും ഇന്ത്യ ശ്രമിച്ചേക്കുമെന്നാണ് സൂചന.
പുല്‍വാമ ആക്രമണത്തിന് പിന്നാലെ ജമ്മുവില്‍ രൂപം കൊണ്ട് പ്രതിഷേധം ജമ്മുവില്‍ കലാപസ്വഭാവത്തിലേക്ക് മാറിയിരിക്കുകയാണ്. കത്വയില്‍ പാക്കിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യങ്ങളുമായി ജനക്കൂട്ടം തെരുവിലിറങ്ങി. ദേശീയപാതകയുമേന്തി ജനക്കൂട്ടം റോഡ് ഉപരോധിച്ചതോടെ ജമ്മു ദേശീയപാതയില്‍ ഗതാഗതം തടസ്സപ്പെട്ടു.ജമ്മുവില്‍ പ്രതിഷേധം അക്രമാസക്തമായതിനെ കൂടുതല്‍ സുരക്ഷാസേനയെ നിയോഗിച്ചു. ക്രമസമാധാന പാലനത്തിനായി ഇവിടെ സൈന്യത്തെയും രംഗത്തിറക്കിയിട്ടുണ്ട്.
അക്രമണത്തിന് പിന്നാലെ പുല്‍വാമയ്ക്ക് ചുറ്റുമുള്ള പതിനഞ്ചോളം ഗ്രാമങ്ങള്‍ ഇന്നലെ സൈന്യം വളഞ്ഞു.തെക്കന്‍ കശ്മീരില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിരിക്കുകയാണ്. മുന്‍കരുതലെന്ന നിലയില്‍ ശ്രീനഗറിലും ഇന്റര്‍നെറ്റ് സേവനം പരിമിതപ്പെടുത്തി. തീവ്രവാദി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കശ്മീര്‍ താഴ്‌വരയില്‍നിന്നുള്ള വാഹനവ്യൂഹത്തിന്റെ നീക്കം താല്‍കാലികമായി നിര്‍ത്തി വച്ചു.
Post Your Comments