തിരുവനന്തപുരം: പ്രളയത്തില്‍ നശിച്ച അരി, നെല്ല് ഉള്‍പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ ഇന്‍ഷുറന്‍സ് തുക നേടിയെടുക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ വരുത്തിയ വീഴ്ച മൂലം സപ്ലൈകോയ്ക്ക് നഷ്ടമായത് 113 കോടിരൂപ. കടവും നഷ്ടവുംകൊണ്ട് നട്ടംതിരിയുന്ന സാഹചര്യത്തിലാണ് സപ്ലൈകോയിലെ ഉദ്യോഗസ്ഥര്‍ ഈ അനാസ്ഥകാട്ടിയിരിക്കുന്നത്.
പ്രളയത്തില്‍ 163 കോടി രൂപയുടെ ധാന്യം നശിച്ചപ്പോള്‍ ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിമായി നല്‍കിയത് 25 കോടിമാത്രം. വെള്ളം കയറി നശിച്ച അരി കുറഞ്ഞവിലയ്ക്ക് കാലിത്തീറ്റ കമ്പനികള്‍ക്കുവിറ്റ വകയില്‍ ഇതുവരെ 24 കോടി രൂപ ലഭിച്ചു. ആകെ ലഭിച്ചത് 50 കോടിയോളം രൂപ. 113 കോടിരൂപ കൃത്യസമയത്ത് ക്ലെയിം ഉന്നയിക്കാത്തതിനാല്‍ നഷ്ടമായി. ഇതേക്കുറിച്ച് പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും സര്‍ക്കാര്‍ അന്വേഷണം നടത്തിയിരുന്നില്ല.
പ്രളയത്തിനുതൊട്ടുമുമ്പ് കേരളത്തിലെ 51 മില്ലുകളില്‍ സൂക്ഷിച്ചിരുന്ന 1.09 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം 273 കോടി രൂപയ്ക്കാണ് സപ്ലൈകോ യുണൈറ്റഡ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ ഇന്‍ഷുര്‍ ചെയ്തത്. ഓഗസ്റ്റ് എട്ടിന് ഇതിന്റെ 4.45 ലക്ഷം രൂപ പ്രീമിയമടച്ചു. പ്രളയത്തെ തുടര്‍ന്ന് ധാന്യം നശിക്കാന്‍ തുടങ്ങിയെന്ന് സപ്ലൈകോ ഇന്‍ഷുറന്‍സ് കമ്പനിയെ ആദ്യഘട്ട വെള്ളപ്പൊക്കമുണ്ടായ ഓഗസ്റ്റ് ഒമ്പതിനും പ്രളയമുണ്ടായ ഓഗസ്റ്റ് 16, 17, 18, 21 തീയതികളിലും അറിയിച്ചിട്ടുണ്ട്. എന്നിട്ടും ഇതിന്റെ ക്ലെയിം അപേക്ഷ നല്‍കിയത് രണ്ടുമാസം കഴിഞ്ഞാണ്.
27 സ്വകാര്യ മില്ലുകളുടെ സംഭരണശാലകളില്‍ സൂക്ഷിച്ചിരുന്ന 163 കോടിയുടെ ധാന്യം നശിച്ചുപോയെന്നാണ് സപ്ലൈകോ പറഞ്ഞിരുന്നത്. എന്നാല്‍ ഒക്ടോബര്‍ ഒന്നിന് ഇന്‍ഷുറന്‍സ് കമ്പനിക്കയച്ച കത്തില്‍ 163 കോടി രൂപയുടെ ധാന്യം നശിച്ചുപോയെന്നും ഇതിന്റെ 75 ശതമാനമായ 123 കോടി അടിയന്തരമായി അനുവദിക്കണമെന്നും സപ്ലൈകോ ആവശ്യപ്പെട്ടു. ഒക്ടോബര്‍ 10-ന് നല്‍കിയ കത്തില്‍ നഷ്ടത്തിന്റെ കണക്ക് 131 കോടിയായി ചുരുങ്ങി. 32 കോടി രൂപ എങ്ങനെയാണ് കുറവുവന്നതെന്ന് സപ്ലൈകോ അധികൃതര്‍ക്ക് വിശദീകരണം നല്‍കിയിട്ടുമില്ല.
Post Your Comments