പോര്‍ട് ഔ പ്രിന്‍സ്: ഹെയ്തി പ്രസിഡന്റ് ജോവെനല്‍ മൊസെ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭത്തില്‍ അറസ്റ്റിലായ പ്രതികള്‍ രക്ഷപ്പെട്ടു. പ്രതികള്‍ രക്ഷപ്പെടാനിടയായ സാഹചര്യം അറിയില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, പ്രതികളെ പാര്‍പ്പിച്ച അക്വിന്‍ തടവറയ്ക്ക് മുമ്പില്‍ നടന്ന പ്രതിഷേധത്തിനിടെയാണ് രക്ഷപ്പെട്ടതെന്ന് സാക്ഷികള്‍ പറഞ്ഞു. ആഴ്ചകളായി നീണ്ടുനില്‍ക്കുന്ന പ്രതിഷേധത്തില്‍ ആറുപേര്‍ മരിച്ചു.
നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൊസെ തലവനായ കമ്പനി ഇല്ലാത്ത റോഡ് കരാറിന്റെ മേല്‍ രണ്ട് ബില്യണ്‍ ഡോളര്‍ തട്ടിയെടുത്തതായി ജനുവരിയില്‍ റിപ്പോര്‍ട്ട് വന്നിരുന്നു. ഹെയ്റ്റിക്കും മറ്റു കരീബിയന്‍ രാഷ്ട്രങ്ങള്‍ക്കും കുറഞ്ഞ നിരക്കില്‍ വെനസ്വേല എണ്ണ നല്‍കിയിരുന്നു. ഇവ രണ്ടിലും പ്രസിഡന്റ് നടത്തിയ വന്‍ അഴിമതിയെ ചോദ്യംചെയ്താണ് രാജ്യത്തെങ്ങും പ്രതിഷേധം നടക്കുന്നത്. ”പ്രസിഡന്റ് ഞങ്ങളോട് നുണ പറഞ്ഞു. അധികാരത്തിലേറി രണ്ടുവര്‍ഷം കഴിയുമ്പോള്‍ ജനങ്ങള്‍ മുഴുവന്‍ ഭക്ഷണമില്ലാതെ അലയുകയാണ്.
അദ്ദേഹത്തിനെ പിന്തുണയ്ക്കുന്ന മുതലാളിമാരെ ഞങ്ങള്‍ പാഠം പഠിപ്പിക്കും”– പ്രതിഷേധക്കാരില്‍ ഒരാള്‍ പറഞ്ഞു. പ്രതിഷേധക്കാരെയാകെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ് മൊസെ. പ്രതിഷേധംകാരണം എംബസിയില്‍ ജോലിചെയ്യുന്ന നയതന്ത്രജ്ഞരുടെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളോട് ഹെയ്തിയില്‍നിന്ന് തിരിച്ചുവരാന്‍ അമേരിക്ക നിര്‍ദേശിച്ചു.
മൊസെ അധികാരത്തിലേറിയതുമുതല്‍ കടുത്ത സാമൂഹ്യ സാമ്പത്തിക അന്തരമാണ് ഹെയ്റ്റിയിലെ സാധാരണക്കാരും മുതലാളികളും തമ്മിലുള്ളത്. അരോഗ്യമേഖലയിലും ഏറ്റവും പിറകിലുള്ള രാജ്യങ്ങളില്‍ ഒന്നാണ് ഹെയ്തി.
Post Your Comments