KeralaLatest News

ഒരു മാലയില്‍ തീരേണ്ട നഷ്ടം ഒരു ജീവനില്‍ എത്താന്‍ ഒരു മിനുട്ട് മതി, കള്ളനു പിന്നാലെ ഓടുന്നവരോട് മുരളി തുമ്മാരുകുടിക്ക് പറയാനുള്ളത്

തലസ്ഥാന നഗരത്തിലെ പ്രധാന മാലമോഷ്ടാവ് ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന്റെ അവസരോചിത ഇടപെടലില്‍ വലയിലായിലാവുകയായിരുന്നു. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനായ ബിജുകുമാണ് മാലപൊട്ടിക്കല്‍ കേസുകളിലെ പ്രതിയായ പൂജപ്പുര സ്വദേശി സജീവിനെ പിടിയിലാക്കിയ വാര്‍ത്തയെല്ലാം എല്ലാവരും അറിഞ്ഞു കാണും. മാല പൊട്ടിക്കാനെത്തിയ മോഷ്ടാവിനെ വൃദ്ധ പ്രതിരോധിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു എന്നാല്‍, ഇത്തരം സാഹചര്യങ്ങളില്‍ മോഷ്ടാവിന്റെ പുറകെ ഓടുന്നത് അപകടം വിളിച്ചുവരുത്തുന്ന കാര്യമാണെന്ന് യു എന്‍ ദുരന്ത ലഘൂകരണ വിഭാഗം മേധാവി മുരളി തുമ്മാരുകുടി പറയുന്നു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മുരളി തുമ്മാരുകുടി പ്രതികരിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

കള്ളനും പോലീസും…

തിരുവനന്തപുരത്ത് വഴി ചോദിക്കാനെന്ന മട്ടില്‍ അടുത്ത് ബൈക്ക് നിര്‍ത്തി ഒരു സ്ത്രീയുടെ മാല പൊട്ടിച്ച് ഓടിയ കള്ളനെ മണിക്കൂറുകള്‍ക്കകം പിടിച്ച കഥ നിങ്ങള്‍ വായിച്ചു കാണും. കേരള പൊലീസിന് അഭിനന്ദനങ്ങള്‍..!

സുരക്ഷയും ദുരന്ത ലഘൂകരണവും തൊഴിലായതിനാല്‍ ഞാന്‍ കൂടുതല്‍ ശ്രദ്ധിച്ചത് മാല നഷ്ടപ്പെട്ടതിനു ശേഷം ആ സ്ത്രീ ചെയ്ത കാര്യങ്ങളാണ്. കള്ളന്റെ പുറകെ ഓടി അയാളുടെ കൈയില്‍ കയറിപ്പിടിച്ചു. അയാള്‍ അത് ശ്രദ്ധിക്കാതെ സ്‌കൂട്ടര്‍ ഓടിച്ചു പോയി, പാവം സ്ത്രീ താഴെ വീണെങ്കിലും ഭാഗ്യത്തിന് വലിയ പരിക്കൊന്നും പറ്റിയില്ല. വീഴ്ചയില്‍ തലപൊട്ടുകയോ കൈയോ കാലോ ഒടിയുകയോ ചെയ്‌തേനെ. സാരി എങ്ങാനും സ്‌കൂട്ടറില്‍ കുരുങ്ങിയിരുന്നെങ്കില്‍ റോഡില്‍ വലിച്ചിഴച്ചു പോകുമായിരുന്നു. പേടിച്ചോടുന്ന കള്ളന്‍ ഇതൊന്നും ശ്രദ്ധിക്കില്ല. ഒരു മാലയില്‍ തീരേണ്ട നഷ്ടം ഒരു ജീവനില്‍ എത്താന്‍ ഒരു മിനുട്ട് മതി.

ഇത്തരം സാഹചര്യം ആര്‍ക്കും എപ്പോഴും ഉണ്ടാകാം. മാലയോ ബാഗോ തട്ടിപ്പറിക്കാനാകാം ശ്രമം. സ്ത്രീകളോ കുട്ടികളോ ആണെങ്കില്‍ ലൈംഗികമായി ആക്രമിക്കപ്പെട്ടേക്കാം. അതുകൊണ്ട് ഇതൊഴിവാക്കാനാണ് ശ്രമിക്കേണ്ടത്. തൊട്ടടുത്ത് ആരെങ്കിലും വാഹനത്തിലോ റോഡിലോ വന്ന് നിന്ന് സംസാരിക്കാന്‍ നോക്കിയാല്‍ സുരക്ഷിതമായ ദൂരം പാലിക്കണം (കയ്യെത്താത്ത ദൂരം). വിജനമായ വഴിയാണെങ്കില്‍ സംസാരിക്കാതിരിക്കുന്നത് തന്നെയാണ് ബുദ്ധി. ഇനി ഏതെങ്കിലും കാരണവശാല്‍ അവര്‍ ഉപദ്രവിക്കുകയോ മാലയോ ബാഗോ പിടിച്ചു പറിക്കുകയോ ചെയ്താല്‍ ഒരു കാരണവശാലും തിരിച്ച് അടിയുണ്ടാക്കാന്‍ പോകുകയോ പുറകെ ഓടുകയോ ചെയ്യരുത്. നമ്മള്‍ ഒരു ഏറ്റുമുട്ടലിന് തയ്യാറായി വീട്ടില്‍ നിന്നും ഇറങ്ങിയ ആളല്ല. എന്നാല്‍ കള്ളന്റെ കാര്യം അങ്ങനെയല്ല. കള്ളന്‍ ആയുധം ഉള്‍പ്പടെ എത്രത്തോളം തയ്യാറെടുപ്പോടെയാണ് വന്നിരിക്കുന്നതെന്ന് നമുക്കറിയില്ല. വേറെ പങ്കാളികള്‍ ഉണ്ടാകാം. കൂടുതല്‍ നഷ്ടം നമുക്ക് തന്നെയാണ് വരാന്‍ സാധ്യത.

ഇത്തരത്തില്‍ നമ്മുടെ നേരെ മോഷണമോ അപമാന ശ്രമമോ അക്രമമോ നടന്നാല്‍ സാധിച്ചാല്‍ വണ്ടിയുടെ നന്പറും ആളെക്കുറിച്ചുള്ള മറ്റു കാര്യങ്ങളും ഓര്‍ത്തിരിക്കാന്‍ ശ്രമിക്കുക. നമുക്ക് വലിയ അപകടമൊന്നും പറ്റിയില്ലെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും പോലീസില്‍ വിവരം അറിയിക്കുക. കാരണം ഇത്തരം ആളുകള്‍ മിക്കവാറും ഓരോ ഏരിയ നോക്കി കളവ് നടത്തുന്നവരാണ്. അപ്പോള്‍ വീഡിയോ കാമറ ഇല്ലെങ്കിലും കുറ്റകൃത്യത്തിന്റെ പാറ്റേണ്‍ കണ്ടാല്‍ പൊലീസിന് അവരെ പിടിക്കാന്‍ എളുപ്പമാകും.

സുരക്ഷിതരായിരിക്കുക…

മുരളി തുമ്മാരുകുടി

https://www.facebook.com/thummarukudy/posts/10216952689424805?__xts__%5B0%5D=68.ARDg92GI63bFjlFVse5z-Q0n1h4x-mRSF6XgbQqu-x35axlPHJC3EtFIf8-sMQJYQWOhzVPtnEZcvrgDMM7NNejjpkNNfyU0IAEMhFtPxQ7TGNNf0O87Z2pP5L8dLduWSf0P-GnXE0sYmltu7eqcrVCOi0Z6uqL7lH-ayoriMhF-ytZVrbmcRacw1xJvkwDhNwB4EHjp_CnUi79BOxruJE7gY5Nw4H-p0xkhhazrOQCevI8Kl9zE12D2A1PzHwMTcue-YPs-p-X-WjQP2BfXbXPkSaNzg_5GKYAbsHn6rV6npQzFcAv7_JMzXiyX9NAQ_eN2DCLtelg7LOfAKyALUbcZWHOOH0Uo&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button