Latest NewsKeralaNews

കലാഭവന്‍ മണി കേസ്; നുണ പരിശോധനയ്ക്ക് അനുമതി നല്‍കി

കൊച്ചി: ചലചിത്ര താരം കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ ജാഫര്‍ ഇടുക്കിയെയും സാബുമോനെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ കോടതി അനുമതി നല്‍കി.എറണാകുളം സിജെഎം കോടതിയാണ് സിബിഐയുടെ ആവശ്യം അംഗീകരിച്ചത്.

നുണപരിശോധനയ്ക്ക് തയാറാണെന്ന് ജാഫര്‍ ഇടുക്കിയടക്കം മണിയുടെ ഏഴ് സുഹൃത്തുക്കള്‍ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. കലാഭവന്‍ മണിയുടെ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തിനുള്ളില്‍ വിഷാംശം ഉണ്ടെന്ന് സിബിഐ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സുഹൃത്തുക്കളോട് നുണപരിശോധനയ്ക്ക് വിധേയരാകാന്‍ ആവശ്യപ്പെട്ടത്.

ഫോറന്‍സിക് പരിശോധനാ ഫലങ്ങളിലെ വൈരുധ്യമടക്കം ചൂണ്ടിക്കാട്ടി മണിയുടെ സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. തുടര്‍ന്ന് 2017 മെയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത്, സിബിഐ കൊച്ചി യൂണിറ്റ് അന്വേഷണം തുടങ്ങി. സിനിമാരംഗത്തുള്ള സുഹൃത്തുക്കളടക്കം കലാഭവന്‍ മണിയുമായി ബന്ധമുള്ള നൂറുകണക്കിനാളുകളുടെ മൊഴിയെടുത്തു.

സംസ്ഥാനത്തിനകത്തും പുറത്തുമുള്ള സ്ഥലം ഇടപാടുകള്‍, സ്വത്ത് വിവരങ്ങള്‍ എന്നിവയും ശേഖരിച്ചു. കുടുംബവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും കൈമാറിയെന്ന് സഹോദരന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ പറയുന്നു. എന്നാല്‍ അന്വേഷണം എവിടെയെത്തിയെന്നറിയില്ല. കേസിന്റെ തുടക്കം മുതല്‍ തന്നെ മണിയുടെ കുടുംബം ചില സുഹൃത്തുക്കള്‍ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരെ തെളിവുകളൊന്നും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button