തൃശ്ശൂര്‍ : സിറ്റിങ് സീറ്റില്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാന്‍ തയ്യാറാണെന്ന് സിഎന്‍ ജയദേവന്‍ എംപി. സിപിഐയുടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ തൃശ്ശൂരില്‍ സി.എന്‍ ജയദേവന്റെ പേരിന് തന്നെയാണ് ഇക്കുറിയും മുന്‍തൂക്കം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 39000ത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സിഎന്‍ ജയദേവന്‍ യുഡിഎഫിന്റെ കെ പി ധനപാലനെ പരാജയപ്പെടുത്തിയത്.
ഇത്തവണ ജയം സിപിഐയെ സംബന്ധിച്ചെടുത്തോളം അത്ര എളുപ്പമല്ല, ശബരിമല വിധിക്ക് ശേഷം ബിജെപി സംസ്ഥാനത്ത് ഏറ്റവും കൂടൂതല്‍ വിജയ സാധ്യത കല്‍പ്പിക്കുന്ന മണ്ഡലങ്ങളിലൊന്നാണ് തൃശ്ശൂര്‍. ബിജെപി നേതാവും തൃശ്ശൂരില്‍ നല്ല ജനസ്വാധീനവുമള്ള കെ.സുരേന്ദ്രന്‍ സ്ഥാനാര്‍ത്ഥിയായി എത്തിയാല്‍ മത്സരം തീ പാറും. മുതിര്‍ന്ന നേതാവും സംശുദ്ധ രാഷ്ട്രീയ പ്രതിഛായയുമുള്ള വി.എം സുധീരനെ കളത്തിലിറക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്, എന്നാല്‍ അനുകൂല നിലപാട് സുധീരന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
സുധീരന്‍ കൂടി തിരഞ്ഞെടുപ്പ് അങ്കത്തിനെത്തിയാല്‍ കാര്യങ്ങള്‍ പ്രവചനാനതീതമാകും. എന്നാല്‍ ശബരിമല പ്രശനത്തിന്റെ തുടര്‍ച്ചയായി കോണ്‍ഗ്രസിലെ കുറച്ച് വോട്ടുകള്‍ ബിജെപിയ്ക്ക് ലഭിച്ചേക്കുമെന്നും ബിജെപി മൂന്നാം സ്ഥാനത്തെ എത്തുകയുള്ളുവെന്നാണ് സിപിഐ കണക്ക്് കൂട്ടല്‍. മണ്ഡലത്തിന്റെ പലയിടങ്ങളിലും സിപിഐ-സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ ഉണ്ടായ സംഘര്‍ഷങ്ങളും പാര്‍ട്ടിക്ക് തലവേദനയാണ്.
Post Your Comments