ദുബായ്: ആഗോളതലത്തില്‍ ഗവണ്‍മെന്റുകള്‍ വിവിധമേഖലകളില്‍ നേരിടുന്ന പ്രശ്‌നങ്ങളും ഭാവിയുടെ രൂപവത്കരണവും വികസനപദ്ധതികളും ചര്‍ച്ച ചെയ്യുന്ന ഏഴാം ലോക ഗവണ്മെന്റ് ഉച്ചകോടി ദുബായില്‍ തുടങ്ങി.
പുത്തന്‍ ആഗോളവത്കരണത്തിന്റെ പശ്ചാത്തലത്തില്‍ വികസനലക്ഷ്യങ്ങള്‍ മാറ്റിയെഴുതാന്‍ വിവിധ ഗവണ്മെന്റുകളോടുള്ള ആഹ്വാനവുമായാണ് ഉച്ചകോടി തുടങ്ങിയത്. ഭാവനയും ആശയങ്ങളുമാണ് ഭാവിയിലെ ഏറ്റവും വിലപിടിപ്പുള്ള ഉത്പന്നങ്ങളെന്ന് കാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് അബ്ദുള്ള അല്‍ ഗര്‍ഗാവി പറഞ്ഞു. പല ഭരണകൂടങ്ങളും നാലാം വ്യാവസായിക വിപ്ലവത്തിന് ഇനിയും തയ്യാറായിട്ടില്ല. ഇന്ന് ബഹുരാഷ്ട്ര കമ്പനികള്‍ ഗവേഷണത്തിനായി ഗവണ്മെന്റുകളെക്കാള്‍ പണം ചെലവഴിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഭരണകൂടങ്ങള്‍ കൂടുതല്‍ ഊര്‍ജിതമായി മുന്നോട്ടിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.നിലവിലുള്ള തൊഴില്‍വിപണി മാറും. സൃഷ്ടിപരവും സര്‍ഗാത്മകവുമായ അവസരങ്ങളാകും ഇനി തൊഴില്‍ വിപണിയെ കീഴടക്കുക. ഇതിനായി വരും തലമുറയെ സജ്ജമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
140 രാജ്യങ്ങളില്‍നിന്നുള്ള ഭരണാധികാരികള്‍, ഉന്നത ഉദ്യോഗസ്ഥര്‍, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ തലവന്മാര്‍ തുടങ്ങി നാലായിരത്തോളം പ്രതിനിധികള്‍ ഉച്ചകോടിയില്‍ പങ്കെടുക്കുന്നുണ്ട്. ഫ്രാന്‍സിസ് മാര്‍പാപ്പ വീഡിയോ കോണ്‍ഫറന്‍സ് വഴി സമ്മേളനത്തില്‍ സംസാരിക്കും. ഇക്കുറി നാല് നൊബേല്‍ പുരസ്‌കാരജേതാക്കളും ഉച്ചകോടിയുടെ ഭാഗമാകും.
200 പ്രത്യേകസെഷനുകളാണ് സംഘടിപ്പിക്കുന്നത്. 140 രാജ്യങ്ങളുടെ ഭരണപ്രതിനിധികള്‍ ഇതില്‍ പ്രഭാഷകരായെത്തും. മനുഷ്യരാശിയുടെ പുരോഗമനവും വികസനവുമാണ് ഉച്ചകോടിയുടെ പ്രധാന പ്രമേയമാകുക. സാങ്കേതികതയുടെ ഭാവി, ആരോഗ്യം, ജീവിതനിലവാരം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, വിദ്യാഭ്യാസം, തൊഴിലാളി വിപണി, വ്യാപാര-അന്താരാഷ്ട്ര സഹകരണം, സര്‍ക്കാരും സമൂഹവും തമ്മിലുള്ള ആശയവിനിമയം തുടങ്ങിയവയാകും ഉച്ചകോടി ചര്‍ച്ച ചെയ്യുന്ന പ്രധാനവിഷയങ്ങള്‍. മദീനത്ത് ജുമേരയില്‍ നടക്കുന്ന ഉച്ചകോടി ചൊവ്വാഴ്ച സമാപിക്കും
Post Your Comments